ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 10 പൊലീസുകാരും വാടകയ്ക്കെടുത്ത വാനിന്റെ ഡ്രൈവറുമടക്കം 11 പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ 2 വർഷത്തിനിടെ സുരക്ഷാ സേനകൾക്കു നേരെ മാവോയിസ്റ്റുകൾ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന്റെ ഭാഗമായി ആരൻപുർ, സമേലി ഗ്രാമങ്ങളിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം സഞ്ചരിച്ച വാഹനം സ്ഫോടനത്തിൽ തകർക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനുണ്ടായ സംഭവത്തിൽ പൊലീസിനു കീഴിലുള്ള ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരാണു വീരമൃത്യു വരിച്ചത്. മാവോയിസ്റ്റുകളെ നേരിടാൻ പ്രദേശവാസികളെ ഉൾപ്പെടുത്തി രൂപീകരിച്ച വിഭാഗമാണ് ഡിആർജി.വാഹനം കടന്നുപോകുന്ന വഴിയിൽ 50 കിലോഗ്രാം സ്ഫോടകവസ്തു ഒളിപ്പിച്ച മാവോയിസ്റ്റ് സംഘം, വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ് അതു പൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനമുണ്ടായ സ്ഥലത്ത് 10 അടി താഴ്ചയിൽ കുഴി രൂപപ്പെട്ടു. സമീപത്തെ മരങ്ങൾ പിഴുതു വീണു. വാഹനം പൂർണമായി പൊട്ടിച്ചിതറി. അക്രമികളെ പിടികൂടാൻ സിആർപിഎഫ്, പൊലീസ് സംഘങ്ങൾ വ്യാപക തിരച്ചിൽ നടത്തി. അക്രമികളെ വെറുതേ വിടില്ലെന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. ബാഗേലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ ചർച്ച നടത്തി.
മാവോയിസ്റ്റുകളുടെ ഒളിത്താവളം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പുറപ്പെട്ടത്. പൊലീസുകാരെ ആക്രമിക്കാൻ മാവോയിസ്റ്റുകൾ ഒരുക്കിയ കെണിയാകാം ഇതെന്നു സംശയമുണ്ട്. 3 സംസ്ഥാനങ്ങളുടെ അതിർത്തികൾ ചേരുന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്