ഒരുമിച്ചു ചേരാം..ഒന്നിച്ചു നിൽക്കാം, ഐക്യമത്യം മഹാബലം.എ എം ആരിഫ് എം പി

ഇന്ത്യയിൽ ഏതു സംസ്ഥാനത്തേക്കാളും ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒരുമയോടെ കഴിയുന്ന സംസ്ഥാനമാണ് കേരളം. വെറുപ്പും വിദ്വേഷവും കുത്തിനിറച്ചു് തമ്മിലടുപ്പിച്ചു നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെയും സംഘ പരിവാറിന്റെയും അതിന്റെ പോഷക രാഷ്ട്രീയ സംഘടനയായ ബി ജെ പി യുടെയും ശ്രമം തിരിച്ചറിയുകയും മലയാളികൾ ഒരുമിച്ചു നിൽക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കുകയും ചെയ്യേണ്ട സമയമായി .എ എം ആരിഫ് എം പിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു.

ഒരുമിച്ചു ചേരാം..
ഒന്നിച്ചു നിൽക്കാം…
“ഐക്യമത്യം മഹാബലം”
നമ്മുടെ രാജ്യത്തിന്റെ മതേതര ഭരണഘടന മാറ്റി, പകരം ഒരു മതാധിഷ്ഠിത ഭരണഘടന സ്ഥാപിക്കാൻ തീരുമാനമെടുത്തതായി മാതൃഭൂമി ദിനപത്രത്തിൽ,ഏതാനും മാസങ്ങൾക്ക്‌ മുൻപ് വന്ന വാർത്തയാണ് ഞാനിവിടെ പുന:പ്രസിദ്ധീകരിക്കുന്നത്..

ഇപ്പോൾ ഇത് പ്രസിദ്ധീകരിക്കുവാനുണ്ടായ സാഹചര്യം, നമ്മുടെ നാട്ടിൽ വളരെ സമാധാനത്തോടും ഐക്യത്തോടും കൂടി കഴിയുന്ന ക്രിസ്ത്യൻ – മുസ്ലീം മതവിശ്വാസികളെ തമ്മിലടിപ്പിച്ച്, അതിൽ നിന്ന് ചോര ഊറ്റിക്കുടിച്ച്, തങ്ങളുടെ ലക്ഷ്യത്തിലെത്തുവാനുള്ള ആർ. എസ്. എസിന്റെ, സംഘപരിവാറിന്റെ ശ്രമങ്ങളിൽ, ഇരു വിഭാഗത്തിലേയും ചുരുക്കം ചില ആളുകൾ വീണുപോയിട്ടുണ്ട് എന്നുള്ളതുകൊണ്ട് മാത്രമാണ്..

എന്റെ വിനീതമായ അഭ്യർത്ഥന, ദയവു ചെയ്ത് എല്ലാവരും ഈ അപകടം കാലേകൂട്ടി തിരിച്ചറിയണം.. ക്രിസംഘികളെന്നോ മുസംഘികളെന്നോ വിളിച്ച്, പരസ്പരം ചെളി വാരിയെറിയാതിരിക്കുക..

അഭിവന്ദ്യരായ പുരോഹിതന്മാരിൽ ചുരുക്കം ചിലർ മോദിയേയും ബിജെപിയേയും ഒക്കെ ന്യായീകരിക്കുന്നത് മനസ്സുകൊണ്ടോ ഹൃദയം കൊണ്ടോ അല്ല എന്ന് നമുക്കേവർക്കും അറിയാം.. അവരുടെ സംസാരത്തിലും ശരീരഭാഷയിലും തന്നെ ഭയത്തിന്റെ ഒരു നിഴലാട്ടം കാണുവാൻ കഴിയും.. അതുപോലെ തന്നെ, അപ്പുറത്ത്, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും റെയ്ഡ് ചെയ്യുകയും ചെയ്യുമ്പോൾ തന്നെ,അതിന്റെ രാഷ്ട്രീയ രൂപമായ എസ്. ഡി. പി. ഐ നിലനിർത്തിയിരിക്കുന്നത് ശ്രദ്ധിച്ചുകാണുമല്ലോ..ഇപ്രകാരം ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആയുധമായി ഇവയെല്ലാം ബിജെപി /ആർ. എസ്. എസ് സംഘം സമർത്ഥമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്..

ആർ. എസ്. എസിന്റെ ഉപശാലയിൽ രൂപപ്പെട്ടുവരുന്ന,750 പേജ് വരുന്ന, ഈ ഹിന്ദുരാഷ്ട്ര ഭരണഘടനയിൽ, ക്രിസ്ത്യൻ – മുസ്ലീം മത വിഭാഗങ്ങൾക്ക് വോട്ടവകാശം ഒഴികെ മറ്റെല്ലാ അവകാശങ്ങളും നൽകുന്ന, ഒരു മതാധിഷ്ഠിത ഹിന്ദുരാഷ്ട്രമാണ് വരാൻ പോകുന്നത് എന്നാണ് വിവക്ഷ.  ഇനിയുമുണ്ട് വിശേഷങ്ങൾ…
രാജ്യതലസ്ഥാനം വാരണാസിയിലേക്ക് മാറ്റി, കാശിയിൽ ഹിന്ദു പാർലമെന്റ്..! എല്ലാവർക്കും നിർബന്ധിത സൈനീക സേവനം..!! തേത്ര – ദ്വാപര യുഗത്തിലെ നീതിന്യായ നിയമങ്ങളാവും പാലിക്കുക അഥവാ പല്ലിനു പകരം പല്ല് കണ്ണിന് പകരം കണ്ണ്

ചാതുർവർണ്ണ്യത്തിലധിഷ്ടിതമായ ഈ ഭരണഘടനയിൽ, ഹിന്ദു വിഭാഗത്തിലെ തന്നെ, ഏകദേശം തൊണ്ണൂറ് ശതമാനത്തിനടുത്ത് വരുന്ന,മറ്റ് പിന്നോക്ക സമുദായങ്ങൾക്കോ, ദളിത്‌ ആദിവാസി വിഭാഗങ്ങൾക്കോ പോലും ഭരണത്തിലോ ഭരണനിർവ്വഹണത്തിലോ യാതൊരു പരിഗണനയോ പങ്കാളിത്തമോ ഇല്ല എന്നുള്ളതാണ് ഈ മതാധിഷ്ഠിത ഭരണഘടനയുടെ മഹാത്മ്യം.അപ്പോൾ പിന്നെ മറ്റ് സമുദായങ്ങളുടെ കാര്യം പറയേണ്ടതുണ്ടോ..

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ തിരുത്തി,അതൊരു മതാധിഷ്ഠിത നിയമാവലി ആക്കി മാറ്റണമെങ്കിൽ, പാർലമെന്റിന്റെ ഇരു സഭകളിലേയും ഭൂരിപക്ഷം മാത്രം പോരാ,രാജ്യത്തെ എല്ലാ നിയമസഭകളിലും അതിന് അനുകൂലമായ നിയമം പാസ്സാക്കി എടുക്കണം.. അതുകൊണ്ടാണ്, കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്തു പോലും ആർ. എസ്. എസ് ഇത്തരം ന്യൂനപക്ഷ ഭിന്നിപ്പിനും കള്ളക്കളികൾക്കും മുതിരുന്നത് എന്ന കാര്യവും, ഇത്തരുണത്തിൽ ഏവരേയും ഓർമ്മിപ്പിക്കുന്നു.

ഫലത്തിൽ,ഒരു മതാധിഷ്ഠിത ഭരണഘടന നമ്മുടെ രാജ്യത്ത് നിലവിൽ വന്നാൽ,മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവസഹോദരന്മാരും അതുപോലെ ക്രൈസ്തവ – മുസ്ലീം മതവിശ്വാസികളും അടക്കം, വർണ്ണവ്യവസ്ഥിതിയ്ക്ക് വിധേയമായി, ഈ രാജ്യത്ത് നിന്ന് തന്നെ ആട്ടിപ്പായിക്കപ്പെടും എന്ന വസ്തുത നാം സഗൗരവം കാണേണ്ടതുണ്ട്.

അതുകൊണ്ട്,മതങ്ങൾക്കുള്ളിലൊ, മതങ്ങൾ തമ്മിലോ ഏതെങ്കിലും ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ അതിനെ മതസ്പർദ്ധയുടേ രൂപത്തിലേക്ക് വളർത്തി, ആ കലക്ക വെള്ളത്തിൽനിന്ന് മീൻ പിടിക്കാനാണ് ആർ. എസ്. എസ് ശ്രമിക്കുന്നത്.ന്യുനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാറിന്റെ ഈ ഗൂഢലക്ഷ്യം എല്ലാവരും ഇപ്പോഴേ തിരിച്ചറിയുക.ഇന്ന് ഒരുമയോടെ ഒന്നിച്ച് നിന്നില്ലെങ്കിൽ നാളെ പരസ്പരം പഴിചാരി പൊട്ടിക്കരയുന്നതിൽ ഒരർത്ഥവുമില്ല എന്ന് എല്ലാവരേയും എളിമയോടെ ഓർമ്മിപ്പിക്കുന്നു.

ആർ. എസ്. എസിന്റെ ഈ രാഷ്ട്രീയ ഗൂഢലക്ഷ്യം മനസ്സിലാക്കി, അതിലേക്ക് വഴുതി വീഴാതെ, എല്ലാ മത വിശ്വാസികളേയും, എല്ലാ മനുഷ്യരേയും, എല്ലാ മാനവീകതയേയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് നാം നടത്തേണ്ടത്…
അതുകൊണ്ട് പ്രിയമുള്ളവരേ,ഈ വർഗ്ഗീയ ഫാസിസ്റ്റ് പിന്തിരിപ്പൻ ശക്തികൾക്കെതിരെ,
നമുക്കൊരുമിച്ച് ചേരാം.ഒന്നിച്ച് നിൽക്കാം.”ഐക്യമത്യം മഹാബലം”