പ്രസാഡിയോയുമായുള്ള ബന്ധം വെളിപ്പെടുത്താൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോഴിക്കോട്: എഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ ഒരു മന്ത്രിമാർക്കും ഉത്തരമില്ല,മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ആരോപണങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.എല്ലാ ഉപകരാറുകളും പ്രസാഡിയോയ്ക്ക് നൽകിയതിന്റെ രേഖകൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.

സർക്കാരിൽനിന്നു കിട്ടുന്ന എല്ലാ വർക്കുകളും പർച്ചേസ് ഓർഡറുകളും കമ്മീഷനും പ്രസാഡിയോയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരാണ് മറ്റ് കമ്പനികളെല്ലാം. അതു സംബന്ധിച്ച രേഖകളാണ് പുറത്തുവിടുന്നത്. ഇത്രയും ഉപകരാറുകളും പർച്ചേസ് ഓർഡറുകളും നൽകാൻ പ്രസാഡിയോയ്ക്ക് ഭരണവുമായുള്ള ബന്ധം എന്താണ്? മുഖ്യമന്ത്രിയുമായി അടുപ്പമുള്ളത് കൊണ്ടാണ് അദ്ദേഹം മറുപടി പറയാത്തത്. മുഖ്യമന്ത്രി പരിഭ്രാന്തനായത് കൊണ്ടാണ് ആരോപണങ്ങൾക്ക് മറുപടി നൽകാത്തത്.

ഇപ്പോൾ മുഖ്യമന്ത്രിയുടെ ആറുമണി പത്രസമ്മേളനം എവിടെപ്പോയി? ഇപ്പോൾ ആകാശവാണി പോലെ പൊതുസമ്മേളനങ്ങളിൽ മാത്രമേ സംസാരിക്കൂ. അങ്ങോട്ട് ഒരു ചോദ്യവും ചോദിക്കാൻ പാടില്ല. സംസ്ഥാനത്തിന്റെ പൊതുപണം കൊള്ളയടിച്ചെന്ന ഗുരുതരമായ ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ വാതിൽക്കൽ എത്തി നിൽക്കുന്നതിന്റെ വിഭ്രാന്തിയിലാണ് ആരാണ് ഇവിടുത്തെ പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി ചോദിച്ചത്. അങ്ങനെ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് മാറ്റിക്കൊടുക്കാം.

ഞങ്ങളുടെ പാർട്ടിയിൽ എല്ലാവരുമായും ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ലോട്ടറി ഇടപാടുകൾ ഉൾപ്പെടെയുള്ള എല്ലാ എല്ലാ അഴിമതി ആരോപണങ്ങളും ഞാനാണ് ഉന്നയിച്ചിരുന്നത്. രമേശ് ചെന്നിത്തലയും ഞാനും പരസ്പരം ആലോചിച്ചാണ് ക്യാമറ അഴിമതി സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. ഞങ്ങൾ രണ്ടു പേരും പുറത്തുവിട്ട രേഖകളൊക്കെ ചോദ്യചിഹ്നമായി സർക്കാരിന് മുന്നിൽ നിൽക്കുമ്പോൾ ഭീതികൊണ്ടും ഭയം കൊണ്ടുമാണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്- അദ്ദേഹം വിമർശിച്ചു.

അഴിമതി നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ലോകായുക്തയെ ദുർബലപ്പെടുത്തിയത്. ക്യാമറ ഇടപാടിൽ നടന്നതിനേക്കാൾ വലിയ അഴിമതിയാണ് കെ ഫോണിൽ നടന്നിരിക്കുന്നത്. ഇതേ കമ്പനികൾ തന്നെയാണ് ആ പദ്ധതിയിലും ഉൾപ്പെട്ടിരിക്കുന്നത്. കൊണ്ടു പോയ പണമൊക്കെ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലമുണ്ട്. ഗവേഷണം നടത്തിയാണ് അഴിമതി ചെയ്യുന്നത്. വൈകാതെ എല്ലാം പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.