സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

മെയ്‌ 6 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുമെന്നും മെയ്‌ 7 ന് ന്യൂനമർദ്ദമായും മെയ്‌ 8 ഓടെ തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. അതിനു ശേഷം വടക്ക് ദിശയിൽ മധ്യ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാം.

മാർച്ച്‌ 1 മുതൽ മെയ്‌ 3 വരെയുള്ള കണക്ക് പ്രകാരം വേനൽ മഴയിൽ 1% കൂടുതൽ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ( 319.4 mm, 16% കൂടുതൽ ) ജില്ലയിലാണ്. കോട്ടയം ( 297.5 mm, 45% കൂടുതൽ ), ഇടുക്കി ( 269 mm, 25% കൂടുതൽ ) ജില്ലകളിലും നല്ല രീതിയിൽ മഴ ലഭിച്ചിട്ടുണ്ട്. ഏറ്റവും കുറവ് മഴ ലഭിച്ചത് കാസർഗോഡ് ജില്ലയിൽലാണ്. 5.3 mm മാത്രം മഴയാണ് ജില്ലയിൽ ലഭിച്ചത്.