കർണാടക വോട്ടെടുപ്പ് നാളെ,13 ശനിയാഴ്ച ഫലമറിയാം,ഇന്ന് നിശബ്ദ പ്രചാരണം

ബെംഗളൂരു :  കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം.നാളെ രാവിലെ ഏഴുമണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ശനിയാഴ്ച നടക്കും.ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാർത്ഥികൾ നിശ്ശബ്ദ പ്രചരണ ദിവസമായ ഇന്ന് നടത്തുക.

കൊട്ടിക്കലാശ ദിവസമായ ഇന്നലെ പരസ്പരം ആരോപണങ്ങളുന്നയിച്ച് കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. നിശ്ശബ്ദ പ്രചരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

അവസാന ഘട്ട പ്രചാരണത്തിന് ബിജെപി പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നേതൃത്വം നൽകി. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അവസാനം വരെ കോൺഗ്രസ് റാലികളിൽ സജീവമായിരുന്നു. കർണാടകയുടെ പരമാധികാരത്തിന് മേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

കർണാടകയെ ഇന്ത്യയിൽ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗിൽ ഉൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസും പരാതി നൽകി.ഇന്നലെ ബെംഗളുരു നഗരത്തിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ സ്ത്രീകൾ അടക്കം പതിനായിരക്കണക്കിന് പേർ അണിനിരന്നിരുന്നു. രാഹുൽ ഗാന്ധി നഗരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തി.

2.59 കോടി സ്ത്രീകളും 2.62 കോടി പുരുഷന്മാരുമടങ്ങുന്ന 5 കോടി 24 ലക്ഷം വോട്ടര്‍മാർ നാളെ കർണാടകയുടെ വിധിയെഴുതും.മെയ് 13 ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും.മൊത്തം 52,282 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുള്ള കർണാടകയിൽ സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കേന്ദ്ര-സംസ്ഥാന സായുധ സേനകളുടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിരയിരിക്കുന്നത്.