ദുബൈ : ടെസ്‌ലയുടെ മോഡൽ എക്സ് കാറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ലോകത്തിന്റെ വിശപ്പടക്കുന്നതിനായി യു.എ.ഇ. പ്രഖ്യാപിച്ച വൺ ബില്ല്യൺ മീൽസ് എന്ന കാമ്പയിനിന്റെ ഭാഗമായാണ് വാഹനങ്ങളുടെ നമ്പറുകൾ ലേലം വിളിച്ചത്. ഫ്രഞ്ച്- എമിറാത്തി ബിസിനസുകാരനായ പവേൽ വലേര്യേവിക് ഡ്യൂറോവ് 2 കോടിവിലയുള്ള തന്റെ ടെസ്‌ല കാറിന് വേണ്ടി P7 എന്ന നമ്പർ സ്വന്തമാക്കിയത് 122.6 കോടി രൂപയ്ക്കാണ്.
16 വർഷത്തിനുശേഷമാണ് ഇത്രയും ഉയർന്ന തുകയ്ക്ക് വാഹനനമ്പർ പ്ലേറ്റ് ലേലം ചെയ്യുന്നത്. P 7 എന്ന നമ്പറാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും 122.6 കോടി രൂപ മൂല്യമുള്ളതുമായ വാഹന നമ്പർ. ജുമൈറ ബീച്ചിലെ ഫോർ സീസൺസ് റിസോർട്ടിൽ സംഘടിപ്പിച്ച ലേലം ആരംഭിച്ച് മിനിറ്റുകൾക്കകം 1.5 കോടി ദിർഹത്തിൽനിന്ന് പി 7 നമ്പർ പ്ലേറ്റിന്റെ മൂല്യം 5.5 കോടി ദിർഹമായി ഉയർന്നു.
1904 മുതൽ എസെക്സ് സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എഫ്1 എന്ന വാഹന നമ്പർ 2008-ൽ ലേലത്തിൽ വയ്ക്കുകയും ബ്രിട്ടൺ ആസ്ഥാനമായ ഖാൻ ഡിസൈൻ ഉടമ അഫ്‌സൽ ഖാൻ ഈ നമ്പർ നാല് കോടി രൂപയ്ക്ക് സ്വന്തമാക്കുകയും തന്റെ ബുഗാട്ടി വെയ്റണിനു നൽകുകയുമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഈ നമ്പറിന്റെ മൂല്യം ഉയരുകയും ഇപ്പോൾ ഏകദേശം 132 കോടി രൂപയോളം വില വരുന്ന എഫ്1 എന്ന വാഹന നമ്പരാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന നമ്പർ എന്ന് കണക്കാക്കപ്പെടുന്നു
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷിയേറ്റീവ്സ്, എമിറേറ്റ്സ് ഓക്ഷൻ, ആർ.ടി.എ., ഇത്തിസലാത്ത്, ഡു എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലേലത്തിൽ അപൂർവമായ 14 വാഹന നമ്പർ പ്ലേറ്റുകളും 35 മൊബൈൽ ഫോൺനമ്പറുകളും അവതരിപ്പിച്ചിരുന്നു.കഴിഞ്ഞ വർഷത്തെ നമ്പർ പ്ലേറ്റിന്റെ ഏറ്റവും ഉയർന്ന ലേലത്തുക 5.2 കോടി ദിർഹമായിരുന്നു.
ടെസ്‌ലയുടെ മേധാവി ടെസ്‌ല കാറുകൾ ദുബായിൽ അവതരിപ്പിക്കുന്നതിനായി എത്തിയത് ഞാൻ ഓർക്കുന്നു.എക്സ് മോഡൽ ടെസ്‌ല കാറിന് ഏകദേശം രണ്ട് കോടി രൂപയാണ് ദുബായിയിലെ വില. ഈ ടെസ്‌ല കാറിൽ തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയുള്ള നമ്പർ സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് യു.എ.ഇ. മിനിസ്റ്ററായ ഒമർ സുൽത്താൻ അൽ ഒലാമ വാഹനത്തിന്റെ ദൃശ്യങ്ങളുൾപ്പെടെ ട്വിറ്ററിൽ കുറിച്ചു.