ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കും.പുതിയ പാർലമെന്റ് മന്ദിരത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട്. അവയ്ക്ക് ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ ദ്വാർ എന്നിങ്ങനെയാണ് പേരുകൾ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒൻപതു വർഷം പൂർത്തിയാകുന്ന വേളയിലാണ് 970 കോടി രൂപ ചിലവ് ചെയ്തു നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്.
ഈ വർഷം അവസാനം നടക്കുന്ന ജി 20 രാജ്യങ്ങളിലെ സ്പീക്കർമാരുടെ യോഗം പുതിയ കെട്ടിടത്തിൽ നടക്കാൻ സാധ്യതയുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെയും രാജ്യത്തെ പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങൾ ഉണ്ടാകും. ലൈബ്രറി, കമ്മിറ്റി മുറികൾ, ഡൈനിംഗ് റൂമുകൾ എന്നിവയും ഈ മന്ദിരത്തിലുണ്ട്.
64,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാലുനിലകളുള്ള പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചിരിക്കുന്നത് ത്രികോണാകൃതിയിലാണ്. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി നിർമിച്ച ഭരണഘടനാ ഹാൾ കെട്ടിടത്തിന്റെ പ്രത്യേകതയാണ്. എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കുമായി പ്രത്യേകം പ്രവേശന കവാടങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്.