വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച അധ്യാപികയും ആൺസുഹൃത്തും കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

കാസർഗോഡ്: ആൺസുഹൃത്തിനൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച അധ്യാപിക കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റഡിയിലായി. ചന്തേര സ്വദേശിനിയായ 24കാരിയായ അധ്യാപികയെയും ഇവർക്കൊപ്പം ഇവരുടെ ആൺസുഹൃത്തും കാസർഗോഡ് നീലേശ്വരം സ്വദേശിയുമായ മുബഷീറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അദ്ധ്യാപികയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് നടപടി.
വിദ്യാർഥിയുടെ പിതാവ് മരിച്ചെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ അധ്യാപിക വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സംശയം തോന്നിയ പിതാവ് അധ്യാപികയുടെ മുറി പരിശോധിച്ചപ്പോൾ ഫോൺ എടുക്കാതെയാണ് പോയതെന്ന് മനസിലായി. കൂടാതെ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ മുറിയിൽ ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് മൊബൈൽഫോൺ പരിശോധിച്ചപ്പോൾ അവസാനമായി യുവതി വിളിച്ചിരിക്കുന്നത് മുബഷീറിനെയാണെന്ന് മനസിലായി . തുടർന്ന് മുബഷീറിന്‍റെ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയായിരുന്നു. ഇരുവരും കണ്ണൂർ വിമാനത്താവളത്തിൽ ഉണ്ടെന്ന് വ്യക്തമായതോടെ പൊലീസിന്‍റെ നിർദേശാനുസരണം ഇരുവരെയും വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. ചന്തേര പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. യുവതി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.