കണ്ണൂർ: സംസാരശേഷിയില്ലാത്ത 11 വയസ്സുകാരനെ തെരുവുനായകൾ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം സംസാരശേഷിയില്ലാത്ത നിഹാൽ നൗഷാദിനെയാണ് തെരുവുനായകൾ ആക്രമിച്ചത്. വീട്ടിൽ നിന്നും ഇന്നലെ വൈകുന്നേരം കാണാതായ കുട്ടിയെ വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിലായിരുന്നു കണ്ടെത്തിയത്.
പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ചോര വാർന്ന് അനക്കമില്ലാത്ത നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സമീപത്തു തന്നെയുള്ള ആള്‍താമസമില്ലാത്ത വീടിന്റെ കൊമ്പൗണ്ടിനകത്ത് മതിലിനോട് ചേര്‍ന്ന് ദേഹമാസകലം രക്തം വാര്‍ന്ന നിലയില്‍ ബോധരഹിതനായിക്കിടന്ന കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മുഖത്തും കൈകാലുകളിലുമൊക്കെ കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവുമുണ്ട്.
വൈകിട്ട് അഞ്ചു മണിക്ക് കാണാതായ സംസാരശേഷിയില്ലാത്ത നിഹാലിന്റെ മൃതദേഹം രാത്രി എട്ടരക്ക് ശേഷമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്നും സംസാര ശേഷിയില്ലാത്തതിനാൽ നായകൾ ആക്രമിച്ചപ്പോൾ ഉറക്കെ നിലവിളിക്കാൻ കുട്ടിക്ക് സാധിച്ചിട്ടുണ്ടാകില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണൂരിൽ കുട്ടിയെ തെരുവുനായ കടിച്ചു കൊന്ന സംഭവം ദാരുണമാണെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു.