18 കാരന്റെ സ്തിഷ്കമരണം,അവയവ ദാനമോ? ലേക്‌ഷോർ ആശുപത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചി : വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്തെന്ന പരാതിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്.

2009 നവംബർ 29 ന് രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. 8.58 ഓടെ കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ച 18 കാരനായ അബിനെ പിറ്റേദിവസം (നവംബർ 30 ) പുലർച്ചെ 4.15 ഓടെ വിദഗ്ദ ചികിത്സക്കായി 50 കിലോമീറ്റർ അകലെയുള്ള ലേക്‌ഷോറിലേക്ക് മാറ്റി.തൊട്ടടുത്ത ദിവസം( ഡിസംബർ 1, 2009 ) രാത്രി 7 മണിയോടെ അബിന് മസ്തിഷ്കമരണം സംഭവിച്ചു എന്ന് അറിയിക്കുകയും കരളും വൃക്കകളും മലേഷ്യൻ പൗരന് മാറ്റിവയ്ക്കുകയുമായിരുന്നു.

കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നിഷേധിച്ചെന്നും അവയവദാനത്തിന്റെ നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് യുവാവിന്‍റെ അവയവങ്ങള്‍ മാറ്റിയതെന്നും ഡോ. ഗണപതിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അവയവദാനത്തിനുള്ള നടപടികളിൽ അപാകതയുണ്ടെന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്നും കോടതി കണ്ടെത്തിയതിനെത്തുടർന്ന് ലേക്‌ഷോർ ആശുപത്രിക്കും അവിടത്തെ അന്നത്തെ ഡോക്ടർമാരായ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. എസ് മഹേഷ്, ഡോ.ജോർജ് ജേക്കബ് ഈരാളി, ഡോ.സായി സുദർശൻ, ഡോ. തോമസ് തച്ചിൽ, ഡോ. മുരളീ കൃഷ്ണ മേനോൻ, ഡോ. സുജിത് വാസുദേവൻ എന്നീവർക്കും കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ് വടക്കേടനുമാണ് കോടതി അന്വേഷണത്തിനായി സമൻസ് നൽകിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. മലേഷ്യൻ എംബസി സർട്ടിഫിക്കറ്റിൽ സ്വീകർത്താവിന്റെ ഭാര്യയെ ആണ് ദാതാവായി കാണിച്ചിരിക്കുന്നത്. എന്നാൽ അപകടത്തിൽപെട്ട യുവാവിന്റെ കരളാണ് ദാനം ചെയ്തിരിക്കുന്നത്. ഇത് സംശയാസ്പദമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൽദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.