നാട്ടുകാർ പിടികൂടി തിരിച്ചെത്തിച്ച കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചുകൊന്നു

ബെംഗളൂരു: കർണാടകയിലെ ദാവൻഗരെയിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ  താമസിക്കുന്ന നിംഗരാജ (32) യെ കൊന്ന കേസിലാണ് ഭാര്യ കാവ്യ, കാമുകൻ ബിരേഷ് എന്നിവർ അറസ്റ്റിലായത്.

ഈ മാസം ഒൻപതിനാണ് നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെറസിൽനിന്ന് വീണാണ് ഭർത്താവ് മരിച്ചതെന്നാണ് കാവ്യ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബിരേഷ് എന്ന യുവാവുമായി ചേർന്നാണ് കാവ്യ കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

മൂന്നു മാസത്തിലേറെയായി പ്രണയത്തിലായിരുന്നകാവ്യയും ബിരേഷും കഴിഞ്ഞ മാസം ഒളിച്ചോടി . ഇവരെ ഗ്രാമവാസികൾ പിടികൂടിയ ശേഷം നാട്ടുകൂട്ടം ചേര്‍ന്ന് ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിർദേശം നൽകി. പഞ്ചായത്ത് അംഗങ്ങളുടെ നിർബന്ധത്തെ തുടർന്നു കാവ്യയെ തിരികെ സ്വീകരിക്കാൻ നിംഗരാജ തയ്യാറായി. നിംഗരാജിനൊപ്പം താമസം തുടങ്ങിയെങ്കിലും കാവ്യ ബിരേഷുമായുള്ള ബന്ധം തുടർന്നു.തന്റെ ഭാര്യ കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ കാവ്യയും നിംഗരാജും തമ്മിൽ വഴക്കായി.തുടർന്ന് കാമുകൻ ബിരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാവ്യ നിംഗരാജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ടെറസിന്റെ മുകളിൽനിന്നു വീണു മരിച്ചുവെന്ന് എല്ലാവരോടും പറയുകയും ചെയ്തു.