ബംഗാൾ ഉൾക്കടലിനു 30,000 അടി ഉയരത്തിൽ ആകാശച്ചുഴിയിൽപ്പെട്ട ബ്രിട്ടീഷ് എയർവേസ് വിമാനം മൂന്നു മണിക്കൂർ ആകാശത്ത് ചുറ്റിക്കറങ്ങി

ലണ്ടൻ: ബ്രിട്ടീഷ് എയർവേസ് വിമാനം ബംഗാൾ ഉൾക്കടലിനു 30,000 അടി ഉയരത്തിൽ ആകാശച്ചുഴിയിൽപ്പെട്ട് മൂന്നു മണിക്കൂർ ആകാശത്ത് ചുറ്റിക്കറങ്ങി.സിംഗപ്പുരിൽനിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന വിമാനംപ്രതീകൂല കാലാവസ്ഥയെ തുടർന്ന് ചുഴിയിൽ പെട്ട് അതിശക്തമായി കുലുങ്ങി. ഏകദേശം മൂന്നു മണിക്കൂറോളം സമയം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച രാത്രി 11.16നു പുറപ്പെട്ട് വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ആറിനു ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. ആകാശച്ചുഴിയിൽപ്പെട്ട് വിമാനം വൻതോതിൽ കുലുങ്ങിയതോടെ വെള്ളിയാഴ്ച്ച പുലർച്ചെ നാലു മണിയോടെ സിം​ഗപ്പൂർ വിമാനത്തിൽ തന്നെ തിരിച്ച് ഇറക്കി.

അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ചു ജീവനക്കാർക്ക് പരിക്കേറ്റു.കാലിന് ​ഗുരുതരമായ പരിക്ക് പറ്റിയ ജീവനക്കാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റൊരാളുടെ കാൽക്കുഴ തെറ്റിയതായും ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.മുൻകരുതലെന്ന നിലയ്ക്കാണ് വിമാനം സിംഗപ്പുരിൽത്തന്നെ ഇറക്കിയതെന്നും എക്കാലവും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും  ബ്രിട്ടിഷ് എയർവേസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തിരിച്ചിറങ്ങിയ യാത്രക്കാർക്കെല്ലാം ഹോട്ടലിൽ താമസം ഒരുക്കി.ബ്രിട്ടിഷ് എയർവേസിന്റെയും മറ്റു കമ്പനികളുടെയും വിമാനങ്ങളിൽ യാത്രക്കാരെ എത്തിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്നും വക്താവ് വ്യക്തമാക്കി.