എസ്എഫ്ഐ മെമ്പർഷിപ്പ് നിയമവിരുദ്ധ പ്രവർത്തനം നടത്താനുള്ള പാസ്പോർട്ട് ആണ് എസ്എഫ്ഐ മെമ്പർഷിപ്പ്. ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയുടെ ഭാഗമായാൽ എന്ത് തട്ടിപ്പും ചെയ്യാം, പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാകാം,എസ്എഫ്ഐയ്ക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും എസ്എഫ്ഐ മെമ്പർഷിപ്പ് എന്നാൽ നിയമവിരുദ്ധ പ്രവർത്തനം നടത്താനുള്ള പാസ്പോർട്ട് ആണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽനിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എംഎസ്എം കോളേജിൽ എംകോമിന് പ്രവേശനം തേടാൻ ശ്രമിച്ച സംഭവമാണ് വിവാദമായത്. ആലപ്പുഴയിലെ സി പി എം നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ എച്ച്‌ ബാബുരാജാണ് നിഖിലിന് പ്രവേശനം നല്‍കാൻ കോളേജില്‍ ശുപാര്‍ശ ചെയ്തതെന്നാണ് കെ എസ് യുവിന്റെ ആരോപണം.

കോളേജ് പ്രവേശനത്തിന് പാർട്ടിയുടെ സഹായം തേടിയ നിഖില്‍ തോമസ് ചെയ്തത് കൊടും ചതിയാണെന്നും ഇയാൾക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോധപൂര്‍വം സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു.