ക്ഷണിക്കാതെ പോയി,വേദിയിൽഇരുത്തിയില്ല.അവഗണന സഹിക്കാൻ കഴിയാതെ പരിപാടി തീരും മുൻപേ മടങ്ങി.അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാർ

തിരുവനന്തപുരം:  ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്ത വിശാല ജനസഭയിൽ നടനും പാർട്ടി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാറിനെ ആരും ക്ഷണിച്ചില്ല.പരിപാടിയിൽ പങ്കെടുത്തപ്പോഴാകട്ടെ വേദിയിൽ ഇരിക്കാൻ അനുവദിച്ചുമില്ല. കാഴ്ചക്കാരോടൊപ്പം സദസിലിരുന്ന കൃഷ്ണ കുമാർ അവഗണന സഹിക്കാൻ കഴിയാതെ പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോയി.സംഭവത്തിൽ കൃഷ്ണകുമാർ ബിജെപി സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചു.

ജെപി നദ്ദ പങ്കെടുക്കുന്ന പരിപാടിയിൽ തന്നെ ആരും ക്ഷണിച്ചില്ല,പ്രകാശ് ജാവേദ്ക്കർ വിളിച്ചപ്പോഴായിരുന്നു പരിപാടിയെക്കുറിച്ച് അറിഞ്ഞത് തന്നെ.’രണ്ട് ദിവസം മുൻപ് ബിജെപി പ്രഭാരി പ്രകാശ് ജാവേദ്ക്കർ വിളിച്ചിരുന്നു. ഈ സമയത്ത് പരിപാടിക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞു. ഏത് പരിപാടിയെന്ന് ചോദിച്ചപ്പോഴാണ് ജെപി നദ്ദയുടെ പരിപാടിയെക്കുറിച്ച് പറഞ്ഞത്.ക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞപ്പോൾ, നിങ്ങളും വരൂ എന്നായിരുന്നു മറുപടി. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താൻ അവിടെ പോയത്. ഇരിപ്പിട പ്രശ്നമൊന്നും ഞാൻ അറിഞ്ഞില്ല. അതിനുശേഷം പലരും ഫോട്ടോയും മറ്റും അയക്കുമ്പോഴാണ് അറിയുന്നത്. എവിടിരുന്നാൽ എന്താ, നമുക്ക് ആളുകളുടെ കൂടെ ഇരിക്കാൻ പറ്റിയില്ലേയെന്നും കൃഷ്ണകുമാർ പറഞ്ഞു.

നമ്മുടെ സമയം നമ്മെ അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണു യോഗം. ഞാൻ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയിൽ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണു ഓർക്കുന്നത്. ഇടയ്ക്കു രണ്ടു പേർ വേദിയിൽനിന്നു വന്ന് എന്നോടു വേദിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഈ ഇരിപ്പിടത്തിൽ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും കൃഷ്ണകുമാർ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനോ മറ്റോ തന്നെ ബന്ധപ്പെട്ടിട്ടില്ല.. അവരൊക്കെ തിരക്കുള്ള നേതാക്കളാണ്. വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല. സംസ്ഥാന അധ്യക്ഷൻ എന്ന് പറയുമ്പോൾ എത്ര ഫോൺകോളുകൾ വരുന്നുണ്ടാകും. അവർക്ക് എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ എപ്പോ വേണമെങ്കിലും വിളിക്കാം. എന്‍റെ ഫോൺ എപ്പോഴും ഫ്രീയാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.രാജസേനൻ, ഭീമൻ രഘു തുടങ്ങിയവർ ഇതേപോലെ അവഗണന സഹിക്കാൻ കഴിയാതെ പാർട്ടി വിട്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.