സംസ്ഥാനത്ത് വീണ്ടും പനി മരണം: വയനാട്ടിൽ നാലു വയസ്സുകാരി മരിച്ചു

വയനാട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. വയനാട്ടിൽ പനി ബാധിച്ച് നാലുവയസ്സുകാരി മരിച്ചു. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഞായറാഴ്ച മുതൽ രുദ്ര വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എന്നാൽ അവസ്ഥ മോശമായതിനെ തുടർന്ന് തിങ്കളാഴ്ച കുട്ടിയെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. എടയൂർകുന്ന് ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ് രുദ്ര.സംസ്ഥാനത്ത് പകർച്ചപ്പനി കുതിച്ച് ഉയരുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 15000ലേക്ക് ഉയരുന്നു. തിങ്കളാഴ്ച 15493 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്തുമാത്രം ഒറ്റദിവസം കൊണ്ട് 2804 പേർക്ക് പനി ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച ആയിരത്തിൽ അധികം പേർ പനി ബാധിച്ച് ചികിത്സ തേടി.

ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ടവ


ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങൾ കഴിക്കാനും പഴച്ചാറുകൾ കുടിക്കാനും ശ്രദ്ധിക്കണം. പ്ലേറ്റ്ലെറ്റുകൾ താഴ്ന്ന പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. രോഗം ബാധിച്ചവരെ കൊതുക് വലയ്‌ക്കുള്ളിൽ കിടത്തുക, കൊതുക് നശീകരണം ഉറപ്പാക്കുക, വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ.

ലക്ഷണങ്ങൾ

അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനി വൈറസ് ശരീരത്തിനുള്ളിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് പ്രകടമാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ അതി തീവ്രമായ പനി, കടുത്ത തലവേദന, കണ്ണ് വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദി എന്നിങ്ങനെയാണ്.