എല്ലാം നഷ്ടമായി,കേസിൽ കുടുക്കി 72 ദിവസം ജയിലിലാക്കി

തൃശ്ശൂർ: എക്സൈസ് സംഘം പിടിച്ചെടുത്ത എൽ എസ് ഡി കേസിൽ ചാലക്കുടി ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തെന്നു പറയുന്ന മയക്കുമരുന്നിന്റെ ലാബ് റിപ്പോർട്ട് പുറത്തു വന്നു. എക്സൈസ് പിടിച്ചെടുത്തത് എൽ എസ് ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. 72 ദിവസമാണ് ഷീല സണ്ണി ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞത്.

ഒന്നിന്ന് 5000 രൂപമുകളിൽ വില വരുന്ന 12 എൽ എസ് ഡി സ്റ്റാംപുകൾ കണ്ടെത്തിയെന്ന കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ ചാലക്കുടി എക്സൈസ് അറസ്റ്റ് ചെയ്തത്.ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാമ്പുമായി ബ്യൂട്ടി പാർലർ ഉടമയെ പിടികൂടിയെന്നും പാർലറിൽ വരുന്ന യുവതികൾക്ക് ലഹരി വിൽപ്പന നടത്താനാണ് സ്റ്റാമ്പ് സൂക്ഷിച്ചതെന്നും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസങ്ങൾ നിരീക്ഷിച്ചതിനു ശേഷമാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതും എക്സൈസ് ഓഫീസ് വാർത്താക്കുറിപ്പു പുറത്തിറക്കിയതും. പിടിച്ചെടുത്തത്തത് ലഹരി മരുന്നല്ലെന്ന് തെളിഞ്ഞതോടെ എക്സൈസ് വകുപ്പു സമാധാനം പറയേണ്ടി വരും.

ഈ കേസ് അന്വേഷിച്ച എക്സൈസ് ഉദ്യോഗസ്ഥനെ നേരത്തെകൂട്ടി സ്ഥലം മാറ്റിയത് എന്തിനായിരുന്നു.തന്നെ കേസില്‍ കുടുക്കിയതാണെന്ന് ഉദ്യോഗസ്ഥരോട് ഷീല പറഞ്ഞിരുന്നെങ്കിലും ഇത് വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറാകാത്തത് എന്തുകൊണ്ടായിരുന്നു.തനിക്ക് നഷ്ടപ്പെട്ടതൊക്കെ എങ്ങനെ നികത്താനാണ്. ഷീല ചോദിക്കുന്നു.

അറസ്റ്റ് ചെയ്തപ്പോൾ മുതൽ ലഹരി വിൽപ്പനക്കാരിയെന്ന രീതിയിൽ നോക്കി പരിഹസിച്ച പലരുമുണ്ട്.ജയിൽ കഴിഞ്ഞ 72 ദിവസം ഞാൻ തകരാതിരുന്നത് നിരപരാധിയാണെന്ന് കുടുംബത്തിന് അറിയാവുന്നത് കൊണ്ടും അവരുടെ പിന്തുണ കിട്ടിയത് കൊണ്ടും മാത്രമാണ്.ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ലാബ് റിപ്പോർട്ടിൽ എന്റെ നിരപരാധിത്വം തെളിഞ്ഞു.ആരാണ് ,എന്തിനാണ് എന്നെ ലഹരി കേസിൽ കുടുക്കിയതെന്ന് മാത്രം എനിക്ക് ഇപ്പോഴും അറിയില്ല.എന്നെ കേസിൽ കുടുക്കിയവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുവാൻ തന്നെയാണ് തീരുമാനം.ഷീല പറഞ്ഞു.