ലോക് സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് എം ജോസ് കെ മാണി

തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് എം. കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് ജോസ് കെ മണി വിഭാഗം ഉന്നമിടുന്നത്. ലോക് സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന് പാർലമെൻ്ററി പാർട്ടി യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും നിർദേശമുയർന്നിരുന്നു.

കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും ജയസാധ്യതയുള്ള മണ്ഡലങ്ങളാണെന്നാണ് കേരളാ കോൺഗ്രസ് എമ്മിൻ്റെ വിലയിരുത്തൽ. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം പരിധിയിൽ.കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാർ എന്നീ മണ്ഡലങ്ങളിൽ പാർട്ടിക്ക് മൂന്ന് എംഎൽഎ മാരുണ്ട്. ഈ സാഹചര്യത്തിൽ പത്തനംതിട്ട ജയസാധ്യതയുള്ള സീറ്റാണെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും എത്തുന്ന സാഹചര്യത്തിൽ അധിക സീറ്റ് എന്ന അവകാശവാദം ഉന്നയിക്കാനാണ് പാർട്ടിയിൽ നീക്കം.പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള ഇടുക്കി സീറ്റിലും ജയസാധ്യത കൂടുതലാണെന്നാണ് കേരളാ കോൺഗ്രസ് (എം) വിലയിരുത്തൽ.ഇടുക്കിക്കും പത്തനംതിട്ടയ്ക്കുമായി മുന്നണിയിൽ ശകതമായ അവകാശവാദം ഉന്നയിച്ചാൽ ഒരു സീറ്റെങ്കിലും നേടിയെടുക്കാനാകുമെന്നാണ് ജോസ് കെ മാണി വിഭാഗം ചിന്തിക്കുന്നത്