ഭിക്ഷ യാചിച്ച് ലളിത ജീവിതം നയിക്കുന്ന ശതകോടീശ്വരൻ

മലേഷ്യൻ വ്യവസായിയായ ആനന്ദ കൃഷ്ണൻെറ ആസ്തി 40,000 കോടി രൂപയിലധികമാണ്. ശ്രീലങ്കയിൽ നിന്ന് മലേഷ്യയിലേക്ക് കുടിയേറിയ തമിഴ് വംശജനായ ആനന്ദ കൃഷ്ണന് ടെലികോം രംഗത്തു മാത്രമല്ല ബിസിനസുകൾ. ആനന്ദ കൃഷ്ണൻെറ ഒൻപത് കമ്പനികളിലെ ഓഹരികളും ഭീമമായ സമ്പത്തും അദ്ദേഹത്തെ മലേഷ്യയിലെ തന്നെ ഏറ്റവും സമ്പന്നരിൽ ഒരാളാക്കി. ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്‌സിനെ സ്പോൺസർ ചെയ്തിരുന്ന ഫോൺ കമ്പനിയായ എയർസെലിൻെറ ഉടമ കൂടിയാണ്. ആനന്ദ കൃഷ്ണൻെറ ഒരേ ഒരു മകൻ അജാൻ സിരിപന്യോ ആഡംബര ജീവിതം ഉപേക്ഷിച്ചു് സന്യാസിയായി ഭിക്ഷ യാചിച്ച് ലളിത ജീവിതം നയിക്കുന്നു.

ടെലികോം, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലെ അച്ഛൻെറ ബിസിനസ് ഏറ്റെടുത്ത് വിപുലീകരിക്കാൻ ഏക മകൻ സിരിപന്യോ നിയോഗിക്കപ്പെട്ടിരുന്നു.ടെലികോം സാമ്രാജ്യത്തെ നയിക്കാൻ അച്ഛൻ ആവശ്യപ്പെട്ടപ്പോൾ സിരിപന്യോ ഇതൊക്കെ നിരസിച്ച് സന്യാസത്തിലേക്ക് തിരിയുകയായിരുന്നു. 18 വയസ്സുള്ളപ്പോൾ ബുദ്ധ സന്യാസിയായിത്തീർന്നു . ജീവിതകാലം മുഴുവൻ സന്യാസിയായി തുടരുമോ എന്നതിൽ വ്യക്തതയില്ലെങ്കിലും ഇപ്പോളും സിരിപന്യോ സന്യാസജീവിതമാണ് നയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

തനിക്ക് അവകാശമായി ലഭിച്ച സമ്പത്തെല്ലാം ഉപേക്ഷിച്ചു സന്യാസിയായി വനത്തിൽ ജീവിക്കാൻ തീരുമാനിച്ചിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി.തായ്‌ലൻഡിലെ ഒരു മഠാധിപതിയാണ് സിരിപന്യോ.ആനന്ദ കൃഷ്ണൻ ഒരു ബുദ്ധമത അനുയായിയും മനുഷ്യസ്‌നേഹിയുമൊക്കെയാണ്. വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ രംഗത്തും ഒക്കെ സജീവം. ഏക മകൻ സിരിപന്യോ ഈ വഴികളിലേക്ക് തന്നെ പൂർണമായും തിരിഞ്ഞു.