സംസാരിക്കുന്നതിനിടയിൽ ഫോൺ പിടിച്ചു പറിച്ചത്‌ തടഞ്ഞ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു

ചെന്നൈ: മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ 22 കാരി ട്രെയിനിൽ നിന്ന് വീണു മരിച്ചു.ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന യുവതിയുടെ മൊബൈൽ ഫോണ്‍ രണ്ട് പേർ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റു.മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ 22കാരിയായ പ്രീതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ട്രെയിനിന്റെ വാതിൽപ്പടിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ പ്രീതിയുടെ ഫോൺ പിടിച്ചുവാങ്ങാൻ രണ്ട് പേർ ശ്രമിച്ചപ്പോഴുണ്ടായ മൽപിടിത്തത്തിൽ പ്രീതി ട്രെയിനിൽ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.പ്രീതി താഴെ വീഴുന്നതിന് മുമ്പ് തന്നെ മോഷ്ടാക്കൾ ഫോൺ കൈക്കലാക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിക്കപ്പെട്ട പ്രീതിയുടെ ഫോൺ കണ്ടെടുത്തു. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളായ മണിമാരൻ, വിഗ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.