മലയാളിക്ക് സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മന്‍ ചാണ്ടി സാർ , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നുവെന്നും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മന്‍ ചാണ്ടി സാറെന്ന് സതീശൻ പറഞ്ഞു.

“ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്… സാന്ത്വനവും പ്രതീക്ഷയുമായിരുന്നു…
പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല…
തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു.
ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട”