സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജൂലൈ 19ന് പ്രഖ്യാപിക്കും, മികച്ച നടന് വേണ്ടി കടുത്ത മത്സരം

തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ജൂലൈ 19ന് പ്രഖ്യാപിക്കും.രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

2022ലെ മികച്ച നടന് വേണ്ടിയുള്ള മത്സരത്തില്‍ അവസാന ഘട്ടത്തില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് മുന്നിട്ട് നില്‍ക്കുന്നതെന്നാണ് വിവരം.മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവെച്ച നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകൾ അവസാന റൗണ്ടിലുണ്ട്. നൻപകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ അഭിനയം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദികളിൽ ഉൾപ്പെടെ പ്രശംസ നേടിയിരുന്നു.

അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പട എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി മത്സരത്തിനുള്ളത്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നി സിനിമകള്‍ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ടിരുന്നു.പൃഥ്വിരാജ് സുകുമാരനും അന്തിമ റൗണ്ടില്‍ ഇടം നേടിയിട്ടുണ്ട്.തീർപ്പ്, ജനഗണമന എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് പൃഥ്വിരാജിനെ അവസാന റൗണ്ടിലെത്തിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്ക, മഹേഷ് നാരായണൻറെ അറിയിപ്പ്, ഷാഹി കബീർ സംവിധാനം ചെയ്ത ഇല വീഴാ പൂഞ്ചിറ, വിപിൻ ദാസിന്‍റെ ജയ ജയ ജയ ജയ ഹേ… തുടങ്ങിയ സിനമകള്‍ മികച്ച ചിത്രം, സംവിധായകൻ തുടങ്ങിയ പ്രധാന അവാർഡുകൾക്കായി മത്സരിക്കുന്നുണ്ട്.

ഇത്തവണ പുരസ്കാരത്തിനായി 154 ചിത്രങ്ങൾ സമര്‍പ്പിക്കപ്പെട്ടതില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ തെരഞ്ഞെടുത്ത 42 ചിത്രങ്ങള്‍ ജൂറികള്‍ കണ്ടു. അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്ത പത്ത് സിനിമകള്‍ ജൂറി ചെയര്‍മാനും ബംഗാളി ചലച്ചിത്രകാരനുമായ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുകയാണ്.

പ്രധാന ജൂറിയിൽ ഡോ കെ എം ഷീബ, വി ജെ ജെയിംസ്, സംവിധായകൻ റോയ് പി തോമസ്, നിർമ്മാതാവ് ബി രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണുള്ളത്. അവസാന ജൂറിയിൽ ചലച്ചിത്രപ്രവർത്തകരായ നേമം പുഷ്പരാജ്, കെ കെ മധുസൂദനൻ എന്നിവരും ഉൾപ്പെടുന്നു.