ജൂലൈ – നൂറ്റാണ്ടുകൾക്കിടെയുള്ള ചൂടേറിയ മാസമാകാം; പ്രധാന കാരണം ഹരിതഗൃഹ വാതകങ്ങൾ

വാഷിങ്ടന്‍∙ 2023 ജൂലൈ, നൂറ്റാണ്ടുകൾക്കിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന മാസമാകാമെന്ന് നാസയിലെ കാലാവസ്ഥാ വിദഗ്ധൻ ഗാവിൻ ഷ്മിഡിറ്റ്. യുഎസിന്റെ തെക്കു ഭാഗത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഷ്മിഡിറ്റ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയ്ക്കു പുറമെ യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലും വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എൽനിനോ പ്രതിഭാസത്തിലുണ്ടായ മാറ്റമാണ് കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായി പറയുന്നതെങ്കിലും അത് ഒരു ചെറിയ കാരണം മാത്രമാണ്. ഭൂമധ്യരേഖാ പ്രദേശത്തിനു പുറത്തേക്കും സമുദ്രോപരിതലത്തിലെ താപനില ഓരോ വർഷവും വർധിച്ചുവരികയാണ്. അന്തരീക്ഷത്തിലേക്കു ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കൂടുന്നതാണ് താപനില വലിയ തോതിൽ വർധിക്കാനിടയാക്കുന്നത്. 2023 രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷമാകാമെന്നും 2024ൽ വീണ്ടും താപനില ഉയരുമെന്നും ഷ്മിഡിറ്റ് പറയുന്നു.യൂറോപ്യൻ യൂണിയൻ, മറൈൻ സർവകലാശാല, ഉപഗ്രഹ ചിത്രങ്ങൾ എന്നിവയുടെ സഹായത്തോടെ നടത്തിയ പഠനങ്ങളിലൂടെയാണ് താപനിലയിലെ വർധന രേഖപ്പെടുത്തിയത്. സമുദ്രത്തിലെയും വൻകരകളിലെയും ആവാസവ്യവസ്ഥയെ കാലാവസ്ഥാ വ്യതിയാനം വലിയ തോതിൽ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.