ന്യൂഡൽഹി ∙ വിലക്കയറ്റം പിടിച്ചുനിർത്താനും ലഭ്യത ഉറപ്പാക്കാനുമായി പച്ചരിയുടെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. കേരളത്തിലടക്കം പച്ചരിക്ക് വില കുറയാൻ ഇത് സഹായകമാകും. മറ്റ് സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്ന പച്ചരിയുടെ ഏറിയ പങ്കും കയറ്റിയയ്ക്കുന്നതിനാൽ കേരളത്തിൽ ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. ഇതുമൂലം വില കൂടി. പുഴുക്കലരി, ബസ്മതി അരി എന്നിവയ്ക്ക് കയറ്റുമതി വിലക്ക് ബാധകമല്ല.
ഇന്ത്യ ആകെ കയറ്റിയയ്ക്കുന്ന അരിയുടെ 25 % പച്ചരിയാണ്. പച്ചരി വില ഒരു വർഷത്തിനിടയിൽ 11.5% വർധിച്ചിരുന്നു. കഴിഞ്ഞ മാസത്തെ മാത്രം വർധന 3% ആണ്. ലഭ്യത ഉറപ്പുവരുത്താനും വില കുറയ്ക്കാനുമായി പച്ചരി കയറ്റുമതിക്ക് 2022 സെപ്റ്റംബറിൽ 20% തീരുവ ഏർപ്പെടുത്തി. എന്നിട്ടും കയറ്റുമതി വർധന തുടർന്നു. 2021–22 ൽ 33.66 ലക്ഷം ടൺ ആണ് കയറ്റിയച്ചതെങ്കിൽ തീരുവ ഏർപ്പെടുത്തിയ ശേഷം കയറ്റുമതി 42.12 ലക്ഷം ടൺ ആയി. ഈ സാമ്പത്തികവർഷം ഇതുവരെ 15.54 ലക്ഷം ടൺ കയറ്റിയയച്ചു.