ചർച്ച നടത്താൻ സര്‍ക്കാര്‍ തയ്യാറാണ്, സത്യം പുറത്തുവരേണ്ടത് പ്രധാനമാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി : മണിപ്പൂർ വിഷയത്തിൽ രാജ്യത്തിന് മുമ്പാകെ സത്യം പുറത്തുവരേണ്ടത് പ്രധാനമാണ്.സ്ഥിതിഗതികൾ സംബന്ധിച്ച് ലോക്‌സഭയിൽ ചർച്ച നടത്താൻ സര്‍ക്കാര്‍ തയ്യാറാണ്. പ്രതിപക്ഷം അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും ആഗ്രഹിക്കുന്നതായി ഉച്ചയ്ക്ക് 2.30 ന് സഭ വീണ്ടും സമ്മേളിച്ച അവസരത്തില്‍ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ സ്പീക്കർ ഓം ബിർള സഭാ നടപടികൾ നിര്‍ത്തി വച്ചു.

മണിപ്പൂർ കലാപത്തിൽ സഭയില്‍ ബഹളം തുടരുന്നതിനിടെ, പ്രധാനമന്ത്രി സഭയ്ക്ക് പുറത്ത് സംസാരിക്കുന്നതും അകത്ത് സംസാരിക്കാത്തതും എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. “പ്രധാനമന്ത്രി സഭയിൽ വന്ന് പ്രസ്താവന നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. ആ പ്രസ്താവന ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. നിങ്ങൾ പുറത്ത് സംസാരിക്കുന്നു, പക്ഷേ അകത്തല്ല, ഇത് പാർലമെന്‍റിനെ അപമാനിക്കലാണ്. ഇത് ഏറെ ഗൗരവമുള്ള കാര്യമാണ്,” രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

80 ദിവസത്തിലേറെയായി, മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഇപ്പോഴും ശമനമില്ല.”പ്രധാനമന്ത്രിക്ക് ഉത്തരമൊന്നുമില്ലേ? പാർലമെന്‍റിന് പുറത്ത് അദ്ദേഹം 36 സെക്കൻഡ് പ്രസ്താവന നൽകി, എന്നാൽ മുഖ്യമന്ത്രിയെ ഇതുവരെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പാർലമെന്‍റിലൂടെ രാജ്യത്തോട് പറയുന്നില്ല. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ ആഭ്യന്തരമന്ത്രി പരാജയപ്പെട്ടത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് വനിതാ ശിശു വികസന മന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തത്. വിഷയത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കണം. ശിവസേന എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു.

മണിപ്പൂരിൽ ഇരട്ട എഞ്ചിൻ സർക്കാരാണ് ഉള്ളത്, അവർ അതിനോട് തീർത്തും നിസ്സംഗരാണ്. പ്രധാനമന്ത്രി സഭയിൽ വന്ന് പ്രസ്താവന നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം.മണിപ്പൂരിലെ സംഭവങ്ങൾ രാജ്യത്തെ നാണംകെടുത്തി.ജെഡിയു നേതാവ് ലാലൻ സിംഗ് പറഞ്ഞു.മണിപ്പൂര്‍ വിഷയം പാർലമെന്‍റില്‍ ആളിക്കത്തുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നല്‍കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്പ്രതിപക്ഷം. പ്രതിഷേധങ്ങള്‍ മൂലം സഭയുടെ വര്‍ഷകാല സമ്മേളനം മുടങ്ങുകയാണ്.