എ.എൻ. ഷംസീറിനെതിരേ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി, ഹിന്ദു സമൂഹത്തോട് മാപ്പു പറയണം ഹിന്ദു ഐക്യവേദി

തിരുവനന്തപുരം : ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് സ്പീക്കർ എ.എൻ. ഷംസീറിനെതിരേ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചു.പാലക്കാട് നോർത്ത് ഉൾപ്പെടെ പലയിടത്തും ഇന്നലെ പരാതി നൽകി.

ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും.

ഹിന്ദുമതത്തെയും ഹിന്ദുമത വിശ്വാസികളെയും പൊതു മദ്ധ്യത്തിൽ അവേഹളിക്കുവാനും മതവിദ്വേഷം പ്രചരിപ്പിക്കുവാനും,വിവിധ മത വിഭാഗങ്ങൾ തമ്മിൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ മനപൂർവ്വം ലക്ഷ്യമിട്ടുളള പ്രസംഗമാണ് എ എൻ ഷംസീർ നടത്തിയതെന്നുമാരോപിച്ചു.ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് ആര്‍.എസ് രാജീവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം.”ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്‌നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.” എ എൻ ഷംസീർ പറഞ്ഞു.

മറ്റുള്ള മതങ്ങളെ ഇത്തരത്തിൽ അപമാനിക്കാൻ ഷംസീറിന് ധൈര്യമുണ്ടോയെന്നും ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച സ്പീക്കർ എ.എൻ. ഷംസീര്‍ മാപ്പുപറയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാ സംവിധാനങ്ങളെ ബഹുമാനിക്കാനും പുകഴ്ത്താനും ഷംസീറിന് അറിയാം. എന്നാൽ ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന ഷംസീറിന്റെ മനോഭാവം നിയമസഭ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്തതാണ്.ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സ്പീക്കര്‍ നടത്തിയ വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതൽ ഹിന്ദു വിശ്വാസപ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും തകർക്കാൻ ശ്രമിക്കുകയാണ്. ക്ഷേത്ര ദർശനം നടത്തുന്ന സ്ത്രീകളെ അപമാനിച്ച പി.കെ.ശ്രീമതിയും അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പരിഹസിച്ച എം. സ്വരാജും നേരത്തെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചിരുന്നു.