താനൂർ കസ്റ്റഡി മരണം, എസ്ഐ ഉൾപ്പടെ എട്ടു പോലീസുകാർക്ക് സസ്പെൻഷൻ

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ എസ്ഐ ഉൾപ്പടെ എട്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. എസ്.ഐ കൃഷ്ണലാൽ കോൺസ്റ്റബിൾമാരായ മനോജ് കെ, ആശിഷ് സ്റ്റീഫൻ, ശ്രീകുമാർ, ജിനേഷ്, വിപിൻ, അഭിമന്യൂ, ആൽബിൻ അഗസ്റ്റിൻ എന്നിവരാണ് സസ്പെൻഡിൽ ആയത്.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി.

മയക്കുമരുന്ന് കേസില്‍ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശിയായ താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി ജിഫ്രിക്കൊപ്പം മറ്റു നാലു പേരെയും കൂടി കഴിഞ്ഞ ദിവസം പുലർച്ചെയാണ് താനൂരിൽ നിന്നും പോലീസ് പിടികൂടിയത്. ശേഷം ലോക്കപ്പിൽ വച്ച് പുലർച്ചെ ശാരീരിക പ്രശ്‍നങ്ങൾ ഉണ്ടായെന്ന് കൂടെയുള്ളവർ അറിയിച്ചതിനെ തുടർന്ന് പുലർച്ചെ നാലരയോടെ ജിഫ്രിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും ഇയാൾ മരിച്ചെന്നാണ് പോലീസ് പറയുന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ജിഫ്രിയുടെ ശരീരത്തില്‍ പതിമൂന്ന് ചതവുകളും മുതുകിലും കാലിന്റെ പിന്‍ഭാഗത്തും മര്‍ദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.ഇത് മര്‍ദനമേറ്റതിനെ തുടർന്നുണ്ടായ പാടുകളാണോയെന്നത് സ്ഥിരീകരിക്കാനായി അന്വേഷണ സംഘം രാസപരിശോധനാഫലം ഉൾപ്പടെയുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.താമിർ ജിഫ്രിയുടെ ആമാശയത്തില്‍ നിന്നും കിട്ടിയ ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ എംഡിഎംഎയാണോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.