മൊബൈൽ ചാർജറിൽ കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു

കാർവാർ: പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ താലൂക്കിൽ ചൊവ്വാഴ്‌ചയാണ് ദാരുണമായ സംഭവം. സന്തോഷ്, സഞ്ജന ദമ്പതികളുടെ മകൾ സാന്നിധ്യയാണ് മരിച്ചത്.

മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്തിയിരുന്നുവെങ്കിലും പ്ലഗ് സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല.ചാർജറിൻ്റെ പിന്നിൽ കടിച്ചതോടെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു.ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് സാന്നിധ്യ.

മകളുടെ മരണവാർത്തയറിഞ്ഞ് ബോധരഹിതനായ സന്തോഷിനെ സിദ്ധാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു കുടുംബം. ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്.സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു