ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നിയമാവലി കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണവകുപ്പ്

ന്യൂഡൽഹി : ദേശീയ പാതക ഉയര്‍ത്തുമ്പോള്‍ ഫ്ലാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവുമായി പൊതുഭരണവകുപ്പ്.കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്, ഖാദി എന്നിവ ഉപയോഗിച്ചു നിർമിച്ച പതാകയാണ് ഉപയോഗിക്കേണ്ടത്.ദീർഘ ചതുരാകൃതിയിൽ നീളവും ഉയരവും 3:2 അനുപാതത്തിൽ ആയിരിക്കണം.

കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ആദരവും ബഹുമതിയും ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്..ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്. ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കരുത്.

വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു ദേശീയ പതാക എല്ലാ ദിവസും ഉയര്‍ത്താം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിര്‍ത്തി വിശേഷ അവസരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലും ഉപയോഗിക്കാം.നേരത്തെ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ മാത്രമേ പതാക ഉയര്‍ത്തി പ്രദര്‍ശിക്കാനാവുമായിരുന്നുള്ളൂ എന്നാൽ 2022 ജൂലൈ 19-ലെ ഉത്തരവ് പ്രകാരം, പൊതുസ്ഥലത്തോ വീടുകളിലോ ദേശീയപതാക പകലും രാത്രിയും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാം.

2002 ലെ ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ ഖണ്ഡിക 3.44 പ്രകാരം ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും വാഹനങ്ങളില്‍ ദേശീയ പതാക സ്ഥാപിക്കാന്‍ കഴിയില്ല.