പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി

പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. ജെയ്കിനെ പോലെ മണ്ഡലത്തില്‍ പരിചയസമ്പന്നനായ ഒരു മുഖമുള്ള സാഹചര്യത്തില്‍ ഒരു പുതുമുഖത്തെ കൊണ്ടുവന്ന് പരീക്ഷിക്കേണ്ട സാഹചര്യമില്ല, അത് തിരിച്ചടിയാകുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍.ജെയ്കിന് പകരം സുഭാഷ് പി വര്‍ഗീസോ റെജി സക്കറിയയോ വന്നാല്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പരിചയപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും. ശ്രദ്ധയാകര്‍ഷിക്കുന്നതിന് സ്ഥാനതലത്തിലും അത് തിരിച്ചടിയാകും. അത്തരമൊരു പരിചയപ്പെടുത്തലിന് സാവകാശവും ഇനിയില്ല എന്നുകൂടി വിലയിരുത്തിയാണ് ജില്ലാ നേതൃത്വവും ജെയ്കിന്റെ പേരിലേക്ക് എത്തിച്ചേരുന്നത്.ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടനാപരമായ പ്രവര്‍ത്തനം സിപിഐഎം പുതുപ്പള്ളിയില്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി. എല്ലാ യോഗ്യതയും ഉള്ള സ്ഥാനാര്‍ത്ഥികള്‍ സിപിഐഎമ്മില്‍ ആവശ്യം പോലെയുണ്ട്.

സിപിഐഎം മത്സരിക്കുന്നിടത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.അതേസമയം തൃക്കാക്കരയില്‍ കണ്ടത് പുതുപ്പള്ളിയിലും ആവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. മണ്ഡലത്തില്‍ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കും. സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സെപ്തംബര്‍ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 8നാണ് വോട്ടെണ്ണല്‍. ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും