‘സ്വാതന്ത്ര്യം ലഭിച്ചതിനാൽ ഇനി രാജ്യത്തിന് വേണ്ടി മരിക്കാൻ കഴിയില്ല’; അമിത് ഷാ

രാജ്യത്തിന് വേണ്ടി ജീവിക്കുന്നതിൽ നിന്ന് തങ്ങളെ ആർക്കും തടയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനാൽ ഇനി രാജ്യത്തിന് വേണ്ടി മരിക്കാൻ കഴിയില്ലെന്നും ഷാ പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിൽ ‘തിരംഗ യാത്ര’ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.“സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം തികയുന്നു. സ്വാതന്ത്ര്യം നേടി കഴിഞ്ഞതിനാൽ ഇനി രാജ്യത്തിന് വേണ്ടി മരിക്കാൻ കഴിയില്ല. പക്ഷേ രാജ്യത്തിന് വേണ്ടി ജീവിക്കുന്ന ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല”  അമിത് ഷാ അഹമ്മദാബാദിൽ പറഞ്ഞു. “2022 ആഗസ്റ്റ് 15ന് ത്രിവർണ പതാക ഉയർത്താത്ത ഒരു വീടും ഇല്ലായിരുന്നു. ഓരോ വീട്ടിലും ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ, രാജ്യം മുഴുവൻ തിരംഗമയമാകും”  ഷാ വ്യക്തമാക്കി.

‘ആസാദി കാ അമൃത് മഹോത്സവ’ വേളയിൽ പ്രധാനമന്ത്രി മോദി രാജ്യത്താകമാനം ദേശസ്‌നേഹം വളർത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഷാ ഗുജറാത്തിൽ എത്തിയത്. കച്ചിൽ ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ അദ്ദേഹം ശനിയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു.