ഉത്തർ പ്രദേശ് ആർക്കൊപ്പമോ അധികാരം അവർക്കൊപ്പം

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഏറ്റവും കൂടുതൽ അംഗങ്ങളെ ലോക്‌സഭയിലേക്ക് അയയ്ക്കുന്ന ഉത്തർ പ്രദേശ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റുന്ന സംസ്ഥാനമാണ്. ഉത്തർ പ്രദേശ് ആർക്കൊപ്പമോ കേന്ദ്രത്തിൽ അധികാരം അവർക്കൊപ്പം എന്നൊരു പഴമൊഴി കൂടി ഉള്ളതിനാൽ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും അരയും തലയും മുറുക്കി പണിയെടുക്കുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്.

2014ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ മോദി തരംഗത്തില്‍ ഉത്തർ പ്രദേശിൽ 71 സീറ്റുകൾ നേടിയ ബിജെപി 2019 ആയപ്പോഴേക്കും അത് 62 ആയി കുറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംഭവിച്ച ക്ഷീണം ഇക്കുറി മാറ്റിയെടുക്കാനുള്ള പൂർണ്ണ തയ്യാറെടുപ്പിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജനപ്രീതിയും ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ നെടുംതൂണാകുമ്പോഴും, ഉത്തർപ്രദേശിൽ 80 സീറ്റുകൾ നേടി വിജയകരമായ ഓട്ടം പൂർത്തിയാക്കാനാണ്  ബിജെപി ലക്ഷ്യമിടുന്നത്.

രാമക്ഷേത്രം, പ്രധാനമന്ത്രി മോദിയുടെ പ്രഭാവം, യോഗിയുടെ മാന്ത്രികത, നേതാക്കളുടെ സംഘടനാ വൈദഗ്ധ്യം, സർക്കാർ പദ്ധതികളുടെ ശരിയായ വിനിയോഗം ന്യൂന പക്ഷങ്ങൾക്ക് സർക്കാർ നൽകുന്ന പരിഗണന, യോഗിയുടെ ബുൾഡോസർ രാഷ്ട്രീയം ഇതൊക്കെയാണ് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തുറുപ്പ് ചീട്ടുകൾ. ഉത്തർ പ്രദേശിലെ ബിജെപിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ പ്രേരക ശക്തിയായിരിയ്ക്കും
ഒരു ഹിന്ദു നേതാവെന്ന നിലയിൽ യോഗി ആദിത്യനാഥിന്‍റെ വളർന്നുവരുന്ന പ്രതിച്ഛായ.

യുപിയിൽ 2024ലെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി യുപിയിൽ മുൻ തിരഞ്ഞെടുപ്പുകളിൽ മാന്ത്രികവിദ്യ പ്രവർത്തിച്ച സുനിൽ ബൻസലിനോട് 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഭരണവിരുദ്ധ ഘടകത്തെ നേരിടാനൊരുങ്ങുന്ന ബിജെപി 70 വയസിന് മുകളിലുള്ളവർക്ക് ടിക്കറ്റ് കൊടുക്കാൻ സാധ്യതയില്ല.മണ്ഡലങ്ങളിൽ മോശം പ്രകടനം കാഴ്ച വച്ചതിന്‍റെ പേരിലും 70 കഴിഞ്ഞു എന്നതിന്റെ പേരിലും ചിലർക്ക് ടിക്കറ്റ് നഷ്ടപ്പെടാം.

ന്യൂനപക്ഷങ്ങളും ദളിത് സമുദായങ്ങളും അടങ്ങിയ വലിയൊരു വോട്ട് ബാങ്ക് ബിജെപി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അകന്നു നിന്നിരുന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി, എസ്ബിഎസ്പി എന്നീ പാർട്ടികൾ ഇപ്പോൾ ബിജെപിയ്‌ക്കൊപ്പമാണ്.കുടുംബ രാഷ്ട്രീയം, സ്വജനപക്ഷപാതം, അഴിമതി, എന്നിവ ഉയർത്തിക്കാട്ടി പ്രതിക്ഷത്തെ നിർവ്വീര്യമാക്കാനാണ് ബിജെപി ശ്രമിക്കുക.ഐക്യമില്ലാത്ത പ്രതിപക്ഷം ഇത്തവണയും ബിജെപിയ്ക്ക് വൻ വിജയം ഉറപ്പാക്കും എന്ന വിശ്വാസത്തിലാണ് ബിജെപി