ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി ലോക നേതാക്കൾ പങ്കെടുക്കും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ എത്തില്ല

മോസ്കോ: സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ലോക നേതാക്കൾ പങ്കെടുക്കും.യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരടക്കമുള്ള ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ എത്തില്ല.

ക്രെംലിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് റഷ്യൻ പ്രസിഡന്റിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിദേശയാത്രയ്ക്കിടെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണക്കാക്കിയാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കാത്തതെന്നാണ് വിവരം. ഇക്കാര്യം ക്രെംലിൻ ശക്തമായി നിഷേധിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ വച്ചുനടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പുടിൻ പങ്കെടുത്തിരുന്നില്ല. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഉച്ചോകടിയിൽ പങ്കെടുത്തത്.എന്നാൽ വീഡിയോ കോൺഫറൻസിങ്ങ് വഴി പുടിൻ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇന്ത്യയിലും വീഡിയോ കോൺഫറൻസിങ്ങ് വഴി ഉച്ചകോടിയിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.

ഈ വർഷം നടക്കുന്ന ജി20 ഉച്ചകോടിയിൽ ഡൽഹി തന്നെയാണ് ഇതിന്റെ പ്രധാന വേദി.രാജ്യതലസ്ഥാനത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലെ എല്ലാ സർക്കാർ, മുൻസിപ്പൽ കോർപ്പറേഷൻ, സ്വകാര്യ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു, ഈ മൂന്ന് ദിവസം കടകളും തുറന്ന് പ്രവർത്തിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

സെപ്റ്റംബർ 9-10 ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ 29 രാഷ്ട്രത്തലവൻമാരും യൂറോപ്യൻ യൂണിയൻ ഉന്നത ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനാ മേധാവികളും പങ്കെടുക്കും.