ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍,ഇന്ത്യയുടെ അഭിമാനം നീരജ് ചോപ്ര

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ച്‌ ചരിത്രം കുറിച്ചു നീരജ് ചോപ്ര.88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂർവ നേട്ടവും നീരജ് സ്വന്തമാക്കി.

ആദ്യശ്രമം ഫൗളായപ്പോൾ രണ്ടാം ശ്രമത്തില്‍ 88.17 മീറ്റര്‍ ദൂരമെറിഞ്ഞാണ്‌ ഒന്നാം സ്ഥാനം നീരജ് കരസ്ഥമാക്കിയത്.പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി.കഴിഞ്ഞവര്‍ഷം യൂജിനിന്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര രണ്ടാമനായിരുന്നു. 88.13 മീറ്റര്‍ ദൂരമാണ് അന്ന് അദ്ദേഹം എറിഞ്ഞത്. ടോക്യോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് സ്വര്‍ണം കരസ്ഥമാക്കിയത്.

നീരജിനൊപ്പം ഫൈനലിലെത്തിയ ഇന്ത്യന്‍ താരങ്ങളായ കിഷോര്‍ ജെനയ്ക് അഞ്ചാം സ്ഥാനവും ഡി പി മനു ആറാംസ്ഥാനവും കരസ്ഥമാക്കി.