പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും,പ്രതിഫലം ഏഴ് ലക്ഷം രൂപ

തിരുവനന്തപുരം: ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്ത വി.എസ്.എസ്.സി പരീക്ഷാ ക്രമക്കേട് നടത്തിയ മുഖ്യ സൂത്രധാരൻ ഉൾപ്പടെയുള്ളവരെ നാട്ടിലെത്തിച്ചു. വി.എസ്.എസ്. സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിന് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലം.2018 മുതൽ ഹരിയാനയിൽ പലതവണ പരീക്ഷകളിൽ ആൾമാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായിരുന്നു സംഘം.ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും സമാനമായ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരനായ മുഖ്യസൂത്രധാരൻ ദീപക് ഷിയോകന്ദ് അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി തിരുവനന്തപുരത്തെത്തിച്ചു.പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയിരുന്ന ഉദ്യോഗാര്‍ത്ഥി ഋഷിപാലിനേയും കേരള പൊലീസ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു.വി.എസ്.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിച്ചവർക്ക് പ്രതിഫലം മുൻകൂറായി നൽകിയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഹരിയാനയിലെ ജിണ്ട് ജില്ലയിൽ നിന്നുള്ളവരാണ് ഈ ക്രിമിനൽ സംഘം.സുനിൽ എന്നയാളുടെ പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാൻ, സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാർ എന്നിവരാണ് ആദ്യം പിടിയിലായത്.ഋഷിപാലിനു വേണ്ടി കേരളത്തിലെത്തി പരീക്ഷ എഴുതിയ അമിത് എന്നയാളെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.