2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി 2023 ഡിസംബറിൽ തന്നെ നടത്തിയേക്കും.മമത ബാനര്‍ജി

ന്യൂഡൽഹി : 2024 ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാ പാർട്ടികളും ആരംഭിച്ചു കഴിഞ്ഞു.രാജ്യം ഭരിയ്ക്കുന്ന ബിജെപി തങ്ങളുടെ കോട്ട രക്ഷിക്കാനുള്ള തന്ത്രം മെനയുമ്പോൾ പ്രതിപക്ഷം കേന്ദ്രത്തിൽ തിരിച്ചെത്താനുള്ള കഠിന പ്രയത്‌നത്തിലാണ്. ഇരു പ്രധാന മുന്നണികളും തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്. 2024 ല്‍ നടക്കേണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി ഡിസംബറിൽ തന്നെ നടത്തിയേക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്തിട്ടുണ്ടെന്നും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് പ്രചാരണത്തിന് ഹെലികോപ്റ്ററുകൾ ഉപയോഗിക്കാനാകില്ല എന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച മമത ബാനർജി അഭിപ്രായപ്പെട്ടു.രാജ്യം ഭരിയ്ക്കുന്ന NDA യും പ്രധാന പ്രതിപക്ഷ മുന്നണിയായ INDIAയും തമ്മിലാണ് പോരാട്ടം.

2023 ഡിസംബറിൽ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയേക്കുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ട്. ബിജെപി ഇതിനകം തന്നെ നമ്മുടെ രാജ്യത്തെ വർഗീയവിഷമുള്ള രാജ്യമാക്കി മാറ്റിയിരിക്കുന്നു.കേന്ദ്രത്തിൽ ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വന്നാൽ രാജ്യം ‘സ്വേച്ഛാധിപത്യ’ ഭരണം നേരിടേണ്ടിവരുമെന്നും നമ്മുടെ രാജ്യത്തെ വെറുപ്പിന്‍റെ രാജ്യമാക്കി ബിജെപി മാറ്റുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നൽകി