സാമ്പത്തിക തട്ടിപ്പു കേസിൽ ഒളിവിലായ പഞ്ചായത്ത് പ്രസിഡന്റ് കെ പി പുന്നൂസിനെ പുറത്താക്കി

പത്തനംതിട്ട: നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പുന്നൂസിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചു. 13 അംഗ പ‍ഞ്ചായത്ത് കമ്മിറ്റി ഇന്നലെ കൂടിയപ്പോൾ എൽഡിഎഫിലെ 6 അംഗങ്ങളും യുഡിഎഫിലെ ജോളി ഈപ്പനും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

കഴിഞ്ഞ മാസം 24നാണ് എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയത്. ഇതു ചർച്ചയ്ക്കെടുക്കുന്നതിനു മുൻപ് പ്രസിഡന്റ് രാജിക്കത്തെഴുതി കോൺഗ്രസ് അംഗങ്ങളെ ഏൽപിച്ചിരുന്നു.അതിനു ശേഷം പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ട് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് അറിയച്ച തിനാൽ അംഗങ്ങൾ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയില്ല.

കോൺഗ്രസിലെ ഒരംഗം മാത്രം കമ്മിറ്റിയിൽ പങ്കെടുക്കുകയായിരുന്നു.‌ ഈ അംഗം പങ്കെടുത്തില്ലായിരുന്നെങ്കിൽ ക്വോറം തികയാതെ പ്രമേയം പരാജയപ്പെടുമായിരുന്നു. കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നില്ല. കേസിൽ അറസ്റ്റിലായ ഉടനെ പുന്നൂസിനെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.

ബിലീവേഴ്സ് സഭാധ്യക്ഷൻ കെ പി യോഹന്നാന്റെ സഹോദരനും തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിന്റെ ട്രസ്റ്റ് അംഗവുമായ പഞ്ചായത്ത് പ്രസിഡന്റ് കെ പി പൂന്നൂസ് ഒരു മാസമായി ഒളിവിലാണ്. നേരത്തേ 3 തവണ റിമാൻഡിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ഈ സമയത്ത് പഞ്ചായത്തിൽ എത്തിയിരുന്നില്ല.