ക്യാരക്റ്റർ അറിഞ്ഞു മമ്മൂക്ക എക്‌സ്പ്രഷൻ ഇട്ടു, വൗ പൊളി, ‘കുഞ്ഞമ്മ’യുടെ ഭ്രമയുഗം പോസ്റ്റർ

ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാളിയെ ഞെട്ടിച്ച യുവ സംവിധായകൻ രാഹുൽ സദാശിവന്റെ പുതിയ ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ‘ഭ്രമയുഗം’.മമ്മൂട്ടിയുടെ എഴുപത്തി രണ്ടാം പിറന്നാളിനോടനുബന്ധിച്ച് റിലീസ് ചെയ്‌തു വൈറലായി മാറിയ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ  തയ്യാറാക്കിയത് ഏസ്തെറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയാണ്.

ഭ്രമയുഗം ‘കുഞ്ഞമ്മ’യുടെ ആദ്യ പോസ്റ്ററല്ല.മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും കുഞ്ഞമ്മ ടീം പോസ്റ്ററുകൾ ചെയ്തു കഴിഞ്ഞു. കൊറോണ പേപ്പേഴ്സ്, തങ്കം, മധുരം, കുറുപ്പ് തുടങ്ങിയ മലയാളം സിനിമകൾ. റോമിയോ, തീരാ കാതൽ, മാഡ്, കീഡകോള തുടങ്ങിയ തമിഴ്-തെലുങ്ക് സിനിമകൾ. ഡിംപിൾ കപാഡിയയും ആതിയ ഷെട്ടിയും അഭിനയിക്കുന്ന പുതിയ ഹിന്ദി സിനിമയുടെ പോസ്റ്ററും ഉൾപ്പെടെ നാല്പതോളം സിനിമകൾക്ക് പോസ്റ്റർ ചെയ്ത കുഞ്ഞമ്മ കമ്പനി.

” മമ്മൂക്കയുടെ മറ്റൊരു എക്സ്പ്രഷൻ വെച്ച് ഞങ്ങൾക്ക് വേറൊരു പ്ലാനാണ് ഉണ്ടായിരുന്നത്.സ്കെച്ചും കൺസെപ്റ്റും ടെസ്റ്റ് ഷൂട്ടും എല്ലാം മറ്റൊന്നായിരുന്നു.’സംവിധായകൻ രാഹുൽ സദാശിവനും നിർമാതാക്കളായ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും പോസ്റ്റർ തയ്യാറാക്കാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ ഹോളിവുഡ് സ്റ്റൈൽ തീരുമാനിച്ചിരുന്നു. മമ്മൂക്കയുടെ കാരക്ടറിന്റെ സ്വഭാവം വെളിപ്പെടുത്തുന്നതായിരിക്കണം പോസ്റ്ററെന്ന് തീരുമാനിച്ച് സ്കെച്ച് സംവിധായകനെയും നിർമാതാവിനെയുമെല്ലാം കാണിച്ചു. അവർ ഓ.ക്കെ. പറഞ്ഞു. മമ്മൂക്കയ്ക്കും ഇഷ്ടമായി.

പക്ഷേ, മമ്മൂക്ക വന്ന് ചില സംഗതികൾ ഇട്ടതോടെ മൊത്തം സംഭവം മാറി. ഒറ്റ നിമിഷംകൊണ്ട് കാരക്ടറായി മാറിയ മമ്മൂക്കയുടെ ആ ചിരിപോലും അങ്ങനെ വന്നതാണ്. ആ ചിരി കണ്ടതോടെ ഞങ്ങൾ അറിയാതെ പറഞ്ഞു പോയി വൗ പൊളി. ഷൂട്ട് തുടങ്ങിയതോടെ മമ്മൂക്ക ചിരിയും അമർഷവുമൊക്കെയുള്ള കുറേ പോസ് തന്നു. അതോടെ സംഗതി സൂപ്പറായി.10 മിനിറ്റുകൊണ്ട് ഷൂട്ട് കഴിഞ്ഞു.” വൈറലായ പോസ്റ്ററിന്റെ പിന്നാമ്പുറത്തെ കുറിച്ചു് കുഞ്ഞമ്മ കമ്പനിയുടെ ഡിസൈനറായ അരുൺ അജിത് കുമാർ പറഞ്ഞു.

ഏസ്തെറ്റിക് കുഞ്ഞമ്മ എന്ന പോസ്റ്റർ ഡിസൈൻ-മാർക്കറ്റിങ് കമ്പനിക്കു പിന്നിലുള്ളത് ജീവിതത്തിലിന്നുവരെ വര പഠിക്കാൻ പോകാത്ത ചെറുപ്പക്കാരുടെ സംഘമാണ്.കമ്പനിയുടെ ഫൗണ്ടേഴ്സ് അരുൺ അജികുമാറും ജെ. ദീപക്കുമാണ്.യദുമുരുകൻ, ടി.പി. സതീഷ്, നന്ദന മധുരാജ്, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റു ടീമംഗങ്ങൾ.പഴയ സിനിമകളുടെയും താരങ്ങളുടെയുമെല്ലാം പോസ്റ്ററുകൾ പുതിയ രൂപത്തിലും വിന്റേജ് രൂപത്തിലും ചെയ്ത് പോസ്റ്റ് ചെയ്താണ് തുടക്കം . ഇരുപതാം നൂറ്റാണ്ട്, ഒരു വടക്കൻ വീരഗാഥ, തൂവാനത്തുമ്പികൾ എന്നിങ്ങനെ പോസ്റ്ററുകൾ ഒന്നിനു പിന്നാലെ ഒന്നായി പോസ്റ്റ് ചെയ്തു. ക്ലാസിക് ചിത്രങ്ങൾക്ക് പാശ്ചാത്യ രൂപം നൽകുന്നതിലാണ് കുഞ്ഞമ്മ ടീം ശ്രദ്ധിച്ചത്. വലിയ താമസമില്ലാതെ പേജിന് 46,000 ഫോളോവേഴ്സായി.

ഷെയിൻ നിഗം അഭിനയിച്ച ‘വെയിൽ’ ആയിരുന്നു കുഞ്ഞമ്മ ടീമിന്റെ ആദ്യ പ്രോജക്ട്. അഞ്ച് കഥകൾ ചേർന്ന ‘പുത്തംപുതുക്കാലൈ’ എന്ന ചിത്രത്തിൽ സുഹാസിനി മണിരത്നം സംവിധാനം ചെയ്ത കോഫി എനിവൺ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ചെയ്യാനായി സംവിധായകൻ മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിൽനിന്ന്  വിളി വന്നു.കുഞ്ഞമ്മ ടീംസ് അത് ഗംഭീരമാക്കി.പിന്നാലെ പൊന്നിയിൻ സെൽവനു വേണ്ടി കൊടികൾ ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടു.രണ്ടാം ഭാഗത്തിനായി മാർക്കറ്റിങ് ഫ്ലക്സുകളും ഡിസൈൻ ചെയ്തു. തുടർന്ന് മമ്മൂട്ടിയുടെ തന്നെ കണ്ണൂർ സ്ക്വാഡ്, ബ്രസൂക്ക, പൃഥ്വിരാജിന്റെ ഖലീഫ എന്നിവ തേടിയെത്തി.