പ്രത്യേക ജൂറി പരാമർശം ഏറ്റുവാങ്ങിയ ശേഷം പുരസ്കാരത്തെ തള്ളിപ്പറയുന്ന പരാമർശമാണ് അലൻസിയർ നടത്തിയത്.അലൻസിയറിനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്.
“ നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’. വേദിയിൽ അലൻസിയർ പറഞ്ഞു.
“ മിസ്റ്റർ അലൻസിയർ, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതിൽ ഖേദിക്കുന്നു… ഉണ്ടായിരുന്നുവെങ്കിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലെ വേദിയിൽ കേറി വന്ന് ഒരു അവാർഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തിൽ ഞാനിപ്പോൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ… ഷെയിം ഓൺയു അലൻസിയർ… ആ ചാക്കോച്ചനെയൊക്കെ കണ്ടു് പഠിക്കെടോ, പറ്റില്ലേൽ പോയി വല്ല മനശാത്ര കൗൺസിലിംഗിന് ചേരൂ. “ അലൻസിയറിനെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്ത് മനോജ് രാംസിംഗ്.
താനാരെയും അപമാനിച്ചില്ല. മാപ്പ് പറയില്ലെന്നും സ്ത്രീകളാണ് പുരുഷൻമാരെ ഉപഭോഗവസ്തുവായി കാണുന്നതെന്നും അലൻസിയർ പറഞ്ഞു.
”സ്ത്രീ പ്രതിമ എന്നെ പ്രലോഭിക്കുന്നില്ല. സ്ത്രീയെ കാണിച്ചു പ്രലോഭിപ്പിക്കരുത് എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പുരുഷ പ്രതിമ തരുന്നില്ല. സ്ത്രീകളാണ് പുരുഷനെ ഉപഭോഗ വസ്തുവായി കാണുന്നത്. ഞാനല്ല, സിനിമാക്കാരുമല്ല. എന്ത് അപമാനമാണ് നടത്തിയത്. ഇതിലെ സ്ത്രീവിരുദ്ധത എനിക്ക് മനസ്സിലാകുന്നില്ല. എനിക്ക് ആൺകരുത്തുള്ള പ്രതിമയെ വേണമെന്നും പറഞ്ഞു. അതിനെന്താണ് തെറ്റ്. ഞാൻ ഒരു തെറ്റും ചെയ്തില്ല. മാപ്പ് പറയില്ല”- അലൻസിയർ പറഞ്ഞു