കാനഡയിൽ നിജ്ജാറിനു പിന്നാലെ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം വഷളാകുന്നതിനിടെ, കാനഡയിൽ മറ്റൊരു ഖലിസ്ഥാൻവാദി നേതാവ് സുഖ്‌ദൂൽ സിങ് എന്ന സുഖ ദുൻകെ കൊല്ലപ്പെട്ടു.ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു സമാനമാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടുണ്ട്.

ദേവിന്ദർ ബാംബിഹ സംഘത്തിൽപ്പെട്ട സുഖ്‌ദൂൽ സിങ് ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് കൊല്ലപ്പെട്ടതെന്നാണു സൂചന.ബുധനാഴ്ച രാത്രിയിൽ വിന്നിപെഗിലാണ് കൊലപാതകം നടന്നത്.2017ലാണ് വ്യാജരേഖകളുമായി സുഖ ദുൻകെ ഇന്ത്യയിൽനിന്നു കാനഡയിലെത്തിയത്. ഇയാൾക്കെതിരെ ഏഴു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കാനഡ -യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ കൊല്ലപ്പെട്ടത്.ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ- കാനഡ ബന്ധം ഇത്രയും വഷളാക്കിയത്.ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വിദ്യാർത്ഥികളും കാനഡയിലേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്..