സൈബർ സുരക്ഷ, സൈബര്‍ കമാന്‍ഡോകളുടെ വിഭാഗം രൂപീകരിക്കുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം;

ന്യൂഡൽഹി : സൈബര്‍ രംഗത്തുള്ള ഭീഷണികളെ നേരിടുന്നതിന് സൈബര്‍ കമാന്‍ഡോകളുടെ പ്രത്യേക വിഭാഗം രൂപീകരിക്കുന്നു കേന്ദ്രസര്‍ക്കാര്‍.പോലീസ് സേനകളില്‍ നിന്ന് അനുയോജ്യരായ 10 സൈബര്‍ കമാന്‍ഡോകളെ തിരഞ്ഞെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ പോലീസ് സേനയില്‍ നിന്നും കേന്ദ്ര പോലീസ് സംവിധാനങ്ങളില്‍ നിന്നുമാണ് സൈബര്‍ കമാന്‍ഡോകളെ തിരഞ്ഞെടുക്കുക.

2023 ജനുവരിയില്‍ നടന്ന ഡിജിപിമാരുടെയും ഐജിമാരുടെയും സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിഭാഗം രൂപവത്കരിക്കുന്നതിനെ നിര്‍ദേശം നല്‍കിയിരുന്നു. ഡിജിപിമാരുടെയും ഐജിമാരുടെയും സമ്മേളനത്തില്‍ സൈബര്‍ കമാന്‍ഡോ വിഭാഗം രൂപവത്കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശുപാര്‍ശ ചെയ്തതോടെയാണ് ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്.സൈബര്‍ സുരക്ഷയ്‌ക്കെതിരായ ഭീഷണികളെ ചെറുക്കാനും വിവരസാങ്കേതിക ശൃംഖലയ്ക്ക് പ്രതിരോധം തീര്‍ക്കാനും സൈബര്‍ ഇടങ്ങളില്‍ അന്വേഷണം നടത്താനും പുതിയ വിഭാഗം സഹായിക്കും.

സൈബര്‍ ഇടങ്ങളിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുക,സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടുക,വിവര സാങ്കേതിക മേഖലയില്‍ പ്രതിരോധം തീര്‍ക്കുക, പോലീസിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സൈബര്‍ സുരക്ഷാ ആവശ്യകതകള്‍ പരിപാലിക്കുക തുടങ്ങിയ ചുമതലകൾ പ്രത്യേക പരിശീലനം നല്‍കിയ സൈബര്‍ കമാന്‍ഡോകള്‍ നിർവ്വഹിക്കും.ഈ സൈബര്‍ കമാന്‍ഡോ വിഭാഗം പോലീസ് സേനകളുടെ അവിഭാജ്യഘടകമായിരിക്കും. ഐടി സുരക്ഷ, ഡിജിറ്റല്‍ ഫൊറന്‍സിക് മേഖലകളില്‍ അറിവും അഭിരുചിയുമുള്ള ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും.