പുസ്തകോത്സവത്തിനു തിളക്കം കൂട്ടാൻ സെൽഫി പോയിന്റും നിയമസഭയും പരിസരവും ദീപാലങ്കൃതമാകും

തിരുവനന്തപുരം : നിയമസഭാ പുസ്തകോത്സവത്തിന് മാറ്റുകൂട്ടാൻ സെൽഫി പോയിന്റും വൈദ്യുത ദീപാലങ്കാരവും. നിയമസഭാ വളപ്പിൽ തന്നെ വിവിധ ഇടങ്ങളിലാണ് പൊതുജനങ്ങൾക്കായി സെൽഫി പോയിന്റ് ഒരുക്കുന്നത്. നിയമസഭാ സമുച്ചയത്തിനു മുന്നിലുള്ള ​ഗാന്ധിപ്രതിമയ്ക്ക് പുറകിലായിട്ടായിരിക്കും പ്രധാന സെൽഫി പോയിന്റ്. നിയമസഭയ്ക്കു മുൻപിലായി ജലധാരയും സ്പീക്കറുടെ ക്വാർട്ടേഴ്സിനോട് ചേർന്ന് വെള്ളച്ചാട്ടവും നിർമ്മിക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിലും വെളിച്ച വിന്യാസം നടത്തും.

നിയമസഭയുടെ പ്രധാന കവാടം മുതൽ ജി കാർത്തികേയൻ ലെജിസ്ലേച്ചർ മ്യൂസിയം വരെ കേരളീയ തനിമ നിലനിർത്തിയുള്ള വൈദ്യുതുത ദീപാലങ്കാരമാണ് പുസ്തകോത്സവത്തിനായി സജ്ജീകരിക്കുന്നത്. അകത്തേക്കുള്ള പുൽത്തകിടികളും നടപ്പാതകളും മരങ്ങളും വെളിച്ചത്തിൽ മനോഹരമാക്കും. തൃശൂർ പൂരം തീം ആക്കിയാണ് വർണദീപക്കാഴ്ച ഒരുക്കുക.

പഠിപ്പുര,നെറ്റിപ്പട്ടം, മുത്തുകുട, ആന തുടങ്ങിയവ ഇതിനായി ഒരുക്കും. പ്രവേശന കവാടത്തിൽ പഠിപ്പുര മാതൃകയിൽ നിർമ്മിച്ച ദീപങ്ങളാണ് കാഴ്ചക്കാരെ സ്വാ​ഗതം ചെയ്യുക. പിഡബ്ല്യുഡി ഇലക്ടിക്കൽ വിഭാ​ഗത്തിന്റെ നേതൃത്വത്തിലാണ് ഇല്യൂമിനേഷനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.