അമരാവതി: ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലസ എക്സ്പ്രസിൻറെ ലോക്കോ പൈലറ്റും ഗാർഡുമുൾപ്പെടെ മരിച്ചവരുടെ എണ്ണം 14 ആയി.രണ്ട് പാസഞ്ചർ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. ജൂൺ രണ്ടിന് ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്ന അതേ പാതയിൽ തന്നെയാണ് ഇന്നലെ വൈകിട്ട് 6.42ന് അപകടം സംഭവിച്ചത്.
സിഗ്നൽ പിഴവാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.രക്ഷാപ്രവർത്തനം തുടരുകയാണ്.ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോൺ വാൾട്ടെയ്ർ ഡിവിഷനിൽ കണ്ടകാപ്പള്ളിക്കും അലമാന്ദായ്ക്കും ഇടയിലായിരുന്നു വിശാഖപട്ടണം–റായ്ഗഡ് പാസഞ്ചർ ട്രെയിനും വിശാഖപട്ടണം–പലാസ പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചത്. കേബിൾ പൊട്ടിവീണതിനെ തുടർന്ന് സാവധാനത്തിലായിരുന്ന റായ്ഗഡ് പാസഞ്ചർ ട്രെയിനിന് പിന്നാലെ വന്ന വിശാഖപട്ടണം–പലാസ പാസഞ്ചർ റെഡ് സിഗ്നൽ അവഗണിച്ച് മുന്നിലെ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ മൂന്ന് കോച്ചുകൾ പാളം തെറ്റിയതായി ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു. ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിലെ വാർ റൂം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി.