തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു കേന്ദ്രമന്ത്രി സംസ്ഥാനത്തെ അധിഷേപിക്കുന്ന തരത്തിൽ പ്രതികരിച്ചു.ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലായിരിക്കരുത് പ്രതികരിക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഒരുമിച്ച് നിന്ന് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർവകക്ഷി യോഗത്തിൽ ഞങ്ങൾ മുന്നോട്ട് വച്ച ആശയം. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണത്തിന് തടയിടാനുള്ള കർശന നടപടി വേണം. ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ജനങ്ങളോടാകെ അഭ്യർത്ഥിക്കുകയാണെന്ന് ഇന്ന് ചേർന്ന സർവ്വകക്ഷി യോഗത്തിൽ പ്രമേയത്തിൽ പറഞ്ഞു.
അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടർത്തലിലും പെട്ടുപോകാതിരിക്കാൻ പ്രത്യേക ജാഗ്രത ഓരോ മനസ്സിലും ഉണ്ടാകണമെന്ന് ഈ യോഗം അഭ്യർത്ഥിക്കുന്നു. കിംവദന്തികൾ പടർത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രതയും ഓരോ മനസ്സിലും ഉണ്ടാവണം. സമാധാനവും സമുദായ സൗഹാർദ്ദവും ഭേദചിന്തകൾക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റ മനസ്സാണെന്നും ഈ യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു.
ദൗർഭാഗ്യകരമായ ചില പരാമർശങ്ങളാണ് ചിലരുടെ ഭാഗത്ത് നിന്നുമുണ്ടായത് അത്തരത്തിലൊരു പരാമർശവും ഉണ്ടാകാൻ പാടില്ല.എല്ലാ പഴുതകളുമടച്ച അന്വേഷണമാണ് വേണ്ടത്. പോലീസ് അന്വേഷിക്കട്ടെ.പ്രതിപക്ഷ നേതാവ് പറഞ്ഞു.