എക്‌സിറ്റ് പോളുകൾ നിരോധിച്ചു,നവംബർ 7 മുതൽ നവംബർ 30 വൈകുന്നേരം വരെ പ്രാബല്യത്തിൽ

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നവംബർ 7 മുതൽ നവംബർ 30 ന് വൈകുന്നേരം വരെ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ECI) നിരോധിച്ചു.നവംബർ 7 ന് രാവിലെ 7 മണി മുതൽ നവംബർ 30 ന് വൈകുന്നേരം 6:30 വരെ നിരോധനം പ്രാബല്യത്തിൽ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ECI നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച് 2023 നവംബർ 7 (ചൊവ്വ) രാവിലെ 7:00 നും 2023 നവംബർ 30 ന് (വ്യാഴം) വൈകുന്നേരം 6:30 നും ഇടയിലുള്ള കാലയളവില്‍ പ്രിന്‍റ് അല്ലെങ്കിൽ ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിൽ പ്രചരിപ്പിക്കുന്നതും നിരോധിക്കപ്പെടും.

അടുത്ത വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ തിരഞ്ഞെടുപ്പുകൾ നിർണ്ണായകമാണ്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കണക്കനുസരിച്ച് ഏകദേശം 16 കോടി വോട്ടർമാർ ഈ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അർഹരാണ്.നവംബര്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ 3ന് നടക്കും.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നവംബർ 7-ന് മിസോറം, നവംബർ 7-നും 17-നും ഛത്തീസ്ഗഡ്, നവംബർ 17-ന് മധ്യപ്രദേശ്, നവംബർ 25-ന് രാജസ്ഥാൻ, നവംബർ 30-ന് തെലങ്കാന എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ. അഞ്ച് സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.എക്‌സിറ്റ് പോളുകൾ വോട്ടർമാരെ സ്വാധീനിക്കുമെന്നും അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നുമുള്ള കാരണത്താലാണ് എക്‌സിറ്റ് പോളുകൾ നിരോധിക്കുന്നത് എന്ന് ECI വ്യക്തമാക്കി.