തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ,നിൻ്റെയൊക്കെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കും,ഭീഷണി ഉയർത്തി BJP സ്ഥാനാര്‍ഥി

മധ്യ പ്രദേശ് : നവംബർ 17 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് മധ്യപ്രദേശ്. നാലാം തവണയും സർക്കാർ രൂപീകരിക്കാൻ സാധിക്കും എന്ന ഉറപ്പിൽ ബിജെപിയും അധികാരത്തിലെത്താനുള്ള തീവ്രശ്രമത്തിൽ കോണ്‍ഗ്രസും രംഗത്തുണ്ട്.മധ്യ പ്രദേശിലെ സെഹോർ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയും എംഎൽഎയുമായ സുധേഷ് റായിയുടെ ഭീഷണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.സംസ്ഥാനത്ത് BJP സർക്കാർ രൂപീകരിച്ചതിന് ശേഷം എതിരാളികളുടെ കാര്യത്തില്‍ “തീരുമാനം” ഉണ്ടാക്കും എന്നാണ് പ്രചരണ വേദിയില്‍ സ്ഥാനാര്‍ഥിയുടെ ഭീഷണി.

“തിരഞ്ഞെടുപ്പ് ജയിക്കാന്‍ തരംതാണ രാഷ്ട്രീയമാണ് കോണ്‍ഗ്രസ്‌ കളിയ്ക്കുന്നത്. എന്നാൽ നിങ്ങൾ വിഷമിക്കേണ്ട. ഈ തിരഞ്ഞെടുപ്പിൽ നമ്മുടെ സ്വന്തം ആളുകൾ വിജയിക്കും, എംപിയിലും നമ്മുടെ സ്വന്തം സർക്കാർ രൂപീകരിക്കും. പിന്നെ അവരെ കാണിച്ചു കൊടുക്കാം, അവർക്ക് എത്രമാത്രം ഗുണ്ടായിസം അറിയാമെന്ന്. കഴിഞ്ഞ 10 വർഷമായി അവരോട് ഒന്നും ചെയ്യാത്തത് എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും മര്യാദയാണ്, അവരെക്കാളും വലിയ ആളുകള്‍ ഉണ്ട് എന്ന് മനസിലാക്കും വിധം തക്കതായ മറുപടി നൽകും. ഭീഷണി ഉയര്‍ത്തുന്നവര്‍ സ്വന്തം പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണം.” സെഹോർ മണ്ഡലത്തിന് കീഴിലുള്ള ശ്യാംപൂരിൽ വ്യാഴാഴ്ച ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്ഥാനാർഥി സുധേഷ് റായ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പെട്ടെന്നു വൈറലായി മാറിയ സ്ഥാനാര്‍ഥിയുടെ ഭീഷണി സംസ്ഥാനത്ത് BJP യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായാണ് വിലയിരുത്തല്‍.