നിർധനകുടുംബങ്ങളിലെ കുട്ടികൾക്ക് കാൻസർ ചികിത്സാ സഹായം നൽകാൻ കൈ കോർത്ത് ലയൺസ് ക്ലബ് ഇന്റർനാഷണലും കോഴിക്കോട് ആസ്റ്റർ മിംസും

കോഴിക്കോട് : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നിർധനകുടുംബങ്ങളിലെ കുട്ടികൾക്ക് കാൻസർ ചികിത്സാ സഹായം നൽകാൻ കൈ കോർത്ത് കോഴിക്കോട് ആസ്റ്റർ മിംസും ലയൺസ് ക്ലബ് ഇന്റർനാഷണലും. ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശിശുദിനത്തിൽ കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്ന ചടങ്ങിൽ പദ്ധതിക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് ലയൺസ് ക്ലബ് അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ഗ്ലോബൽ പ്രൊജക്ട് ഫോർ ചൈൽഡ്ഹുഡ് കാൻസർ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്ന്. കോഴിക്കോട് മേഖലയുടെ മേൽനോട്ടത്തിൽ പ്രശസ്ത ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാൻസർ ബാധിച്ച കുട്ടികൾക്ക് ക്ലബ് അംഗങ്ങൾ 12,000 രൂപ നൽകുമ്പോൾ മണപ്പുറം ഫിനാൻസും പദ്ധതിയിലേക്ക് 12,000 രൂപ കൈമാറും. ഇത് രണ്ടും ചേർത്താണ് കുട്ടിയുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ബി.പി.എൽ വിഭാഗത്തിലുള്ള 100 കുട്ടികൾക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക.

ഇതോടനുബന്ധിച്ച് ലയൺസ് ക്ലബ് അംഗങ്ങൾക്ക് വേണ്ടി നടത്തിയ ബോധവൽക്കരണ ക്ലാസിന് കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. എം.ആർ. കേശവൻ നേതൃത്വം നൽകി. കുട്ടികളെ ബാധിക്കുന്ന കാൻസർ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്.

മുതിർന്നവരിൽ നിന്ന് വ്യത്യസ്തമായി കുട്ടികളിലെ കാൻസർ നേരത്തെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ലയൺസ് ക്ലബിന്റെ ചൈൽഡ് കാൻസർ വിഭാഗം അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറിയും കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് സീനിയർ കൺസൾട്ടന്റുമായ ഡോ. സുധ കൃഷ്ണനുണ്ണി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആരംഭത്തിൽത്തന്നെ 15ൽ അധികം കുട്ടികൾക്ക് ഇതിനോടകം ചികിത്സാ സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 96336 20660 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ആസ്റ്റർ മിംസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലയൺസ് ക്ലബ് സെക്കന്റ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത, ചൈൽഡ്ഹുഡ് കാൻസർ വിഭാഗം ക്യാബിനറ്റ് അഡ്വൈസർ കൃഷ്ണനുണ്ണി രാജ തുടങ്ങിയവർ സംസാരിച്ചു.