നവകേരള സദസ്സിൽ ജനപ്രവാഹം, കേരളം കണ്ട ഏറ്റവും വലിയ ബഹുജനസംവാദ പരിപാടി.മുഖ്യമന്ത്രി

കൽപ്പറ്റ: കാസർകോട്, കണ്ണൂർ ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയ നവകേരള സദസ്സ് വയനാട്ടിലേക്ക് പ്രവേശിച്ചു.140 നിയോജക മണ്ഡലങ്ങളിലെയും പര്യടനം ഡിസംബര്‍ 23നു തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ബഹുജനസംവാദ പരിപാടി എന്ന റെക്കോര്‍ഡിലേക്കാണ് നവകേരള സദസ്സ് ഉയരുകയെന്നും ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തവും സ്വീകാര്യതയും കൊണ്ട് സമാനതകളില്ലാത്ത ബഹുജന മുന്നേറ്റം എന്ന നിലയിലേയ്ക്ക് നവകേരള സദസ്സിനെ മാറ്റിയിരിക്കുകയാണെന്നും കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

നാടിന്‍റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പ്രതിപക്ഷനേതാവിന്‍റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നത്.എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണുന്നയിക്കുന്നത്? ‘ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ’ എന്നാണദ്ദേഹം ചോദിക്കുന്നത്. ഈ പരിപാടിയില്‍ എവിടെയാണ് കള്ളപ്പിരിവ്? അങ്ങനെ നേടിയ പണം? ജനങ്ങൾ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് കാണിക്കുന്നത്. ഇത് ജനങ്ങളുടെ, നാടിന്‍റെ പരിപാടിയാണ്.

ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ?എന്ത് കണക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്ന് പറയുന്നത്? അദാലത്തുകളില്‍ 76,551 പരാതികളാണ് ആകെ ലഭിച്ചത്. അതില്‍ 69,413 പരാതികളിലും തീര്‍പ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികള്‍ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടര്‍നടപടികള്‍ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ്, തങ്ങളുടെ വിഷയങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ജനങ്ങള്‍ ഇങ്ങനെ മുന്നോട്ടു വരുന്നത്? അവ ശ്രദ്ധിക്കപ്പെടും, പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ്. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതും അവ പരിഹരിക്കുന്നതും തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്.എംഎല്‍എമാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്‍റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.