കൊല്ലം: സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി റെയിൽവേ. അടുത്തവർഷത്തോടെ തിരുവനന്തപുരം-എറണാകുളം പാതയിൽ ഉയർന്ന വേഗം 110 കിലോമീറ്ററാക്കുമെന്ന് റെയിൽവെ വ്യക്തമാക്കി. സെപ്‌റ്റംബറിൽ തുടങ്ങിയ ട്രാക്കുകളുടെ നവീകരണവും വളവുകൾ നിവർത്തുകയും ചെയ്യുന്ന ജോലികൾ അടുത്തവർഷം ഫെബ്രുവരിയോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം-കായംകുളം, കായംകുളം-ആലപ്പുഴ-എറണാകുളം സൗത്ത്, എറണാകുളം സൗത്ത്-കോട്ടയം-കായംകുളം എന്നീ മൂന്നു സെക്ഷനിലെയും ട്രാക്കിലെ ചെറുവളവുകൾ നിവർത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.നിലവിൽ മണിക്കൂറിൽ 90 കിലോമീറ്ററാണ് ഈ മൂന്ന് സെക്ഷനുകളിലെയും പരമാവധി വേഗം.ട്രാക്കിലെ വളവ് നിവർത്തുന്നതിന് പുറമെ സിഗ്‌നലുകളുടെ നവീകരണം, പാലങ്ങൾ ബലപ്പെടുത്തൽ, ട്രാക്ക് മെറ്റലിട്ട് ഉയർത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നുവരികയാണ്.
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള 1412 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കുകളിലും വേഗപരിധി 110 കിലോമീറ്ററാക്കി ഉയർത്തുന്നതിനുള്ള പ്രവർത്തികളാണ് നടന്നുവരുന്നത്. ഇതിൽ 187 കിലോമീറ്റർ ദൂരത്തിൽ നിർമാണപ്രവർത്തികൾ പൂർത്തിയാക്കി വേഗത 110 കിലോമീറ്ററാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 1225 കിലോമീറ്റർ ദൂരം അടുത്തവർഷത്തോടെ മണിക്കൂറിൽ 110 കിലോമീറ്റർ എന്ന വേഗപരിധിയിലേക്ക് ഉയർത്തുമെന്നും റെയിൽവേ അറിയിച്ചു.