നഴ്‌സിംഗ് വിദ്യാർഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കി കാമുകൻ

ചെന്നൈ : മലയാളി നഴ്‌സിംഗ് വിദ്യാർഥിനിയെ കൊന്ന് മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കിയിട്ട കാമുകൻ പിടിയിൽ. ചെന്നൈയിലാണ് സംഭവം. കൊല്ലം തെന്മല ഉറുകുന്ന് നേതാജി കമ്പിലൈനിൽ ബദറുദീന്റെയും ഹസീനയുടെയും മകൾ ഫൗസിയ ആണ് കൊല്ലപ്പെട്ടത്..കൊല നടത്തിയതിന് പിന്നാലെ മൃതദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ‌ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

വിദ്യാർഥിനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുളത്തൂപ്പുഴ അയ്യൻ പിള്ള വളവിനു സമീപമുള്ള ആഷിക് പൊലീസ് പിടിയിലായി.കഴിഞ്ഞദിവസം, ഹോട്ടലിൽ മുറിയെടുത്തശേഷം ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന്, ഫൗസിയയെ ബനിയൻ ഉപയോഗിച്ച് കഴുത്തുഞെരിച്ച് ആഷിക്  കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ചെന്നൈയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നുമാണ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

‘അഞ്ച് വർഷമായി തന്നെ ചതിക്കുകയായിരുന്നവളെ ഇല്ലാതാക്കി’ എന്ന് കഴിഞ്ഞ ദിവസം രാവിലെ സമൂഹമാധ്യമത്തിൽ ആഷിക് പോസ്റ്റിട്ടതോടെയാണ് സുഹൃത്തുക്കൾ ഫൗസിയയെ തേടിയെത്തുന്നതും കൊല്ലപ്പെട്ട വിവരം അറിയുന്നതും.വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം.ഒറ്റക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീട്, പെൺകുട്ടി ചെന്നൈയിൽ നഴ്‌സിംഗ് പഠനത്തിനു പോയപ്പോഴും ഇവർ സൗഹൃദം തുടരുകയായിരുന്നു.