മിഷോങ് ചുഴലിക്കാറ്റ്, തമിഴ്‌നാട്ടിൽ കനത്ത മഴ, ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റ് മൂലം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയും നാശനഷ്ടങ്ങളും. ചെന്നൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി.വൈദ്യുതിയും ഇന്റര്‍നെറ്റും തടസപ്പെട്ടു.നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

ട്രെയിന്‍, വിമാന സര്‍വീസുകളെയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നേർക്കുൻട്രം വിഐടിക്കു സമീപം റോഡിൽ മുതലയെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കാറിൽനിന്ന് ആരോ പകർത്തിയ ദൃശ്യമാണിത്. ഈ സമയത്ത് ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും കാണാം.

വടപളനി, താംബരം ഉൾപ്പെടെ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി അധികൃതര്‍.ചെന്നൈ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, ജനജീവിതം താറുമാറായി. ചെന്നൈ നെടുങ്കുൻട്രം നദി കരകവിഞ്ഞു.